ഇതാണ് നമ്മ പറഞ്ഞ കാമുകന്‍ ! കാമുകിയെ സ്വന്തമാക്കാനായി അവളുടെ വീട്ടു പടിക്കല്‍ ഉപവാസം കിടന്ന് കാമുകന്‍; ഒടുവില്‍ പ്രണയസാക്ഷാത്കാരവും

കൊല്‍ക്കത്ത: പ്രണയിനിയെ സ്വന്തമാക്കാന്‍ പല സാഹസങ്ങളും കാണിക്കുന്നവരാണ് കാമുകന്മാര്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഏവരെയും കടത്തിവെട്ടിയിരിക്കുകയാണ് ഒരു ബംഗാളി കാമുകന്‍. കാമുകിയുടെ വീട്ടു പടിക്കല്‍ ഉപവാസവും ധര്‍ണ്ണയും നടത്തി ഒടുവില്‍ അവളെ സ്വന്തമാക്കിയാണ് ബംഗാളിലുള്ള അനന്തബര്‍മന്‍ എന്ന കാമുകന്‍ തന്റെ പ്രേമം സാക്ഷാത്കരിച്ചത്. അനന്തബര്‍മ്മനും ലിപികയും എട്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍, പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ ലിപിക ഇയാളില്‍ നിന്നും കുറച്ചു നാളുകള്‍ക്ക് മുന്‍പ് അകന്നു. വിളിച്ചാല്‍ ഫോണെടുക്കില്ല.. ആകെ ഒറ്റപ്പെടുത്തല്‍.

ഇതേതുടര്‍ന്ന് യുവാവ് നടത്തിയ അന്വേഷണത്തില്‍ ലിപികയുടെ വീട്ടുകാര്‍ അവള്‍ക്ക് വേറെ വിവാഹം ഉറപ്പിച്ചതായി അനന്തബര്‍മന് മനസിലായി. തുടര്‍ന്ന് ഇയാള്‍ ലിപികയുടെ വീട്ടുപടിക്കല്‍ ധര്‍ണ്ണ തുടങ്ങി. ആഹാരം പോലും കഴിക്കാതെയായിരുന്നു ധര്‍ണ. ‘എന്റെ എട്ടു വര്‍ഷങ്ങള്‍ തിരികെ തരൂ..’ എന്ന് എഴുതിയ പ്ലക്കാര്‍ഡും ഏന്തിയായിരുന്നു ധര്‍ണ്ണ.

വളരെ പെട്ടെന്നു തന്നെ നാട്ടുകാരും ജനപ്രതിനിധികളുമൊക്കെ വിഷയത്തില്‍ ഇടപെട്ടു. വൈകാതെ വിവാഹം ഉറപ്പിച്ച യുവാവും വിവരം അറിഞ്ഞ് വീട്ടു പടിക്കലെത്തി. പോലീസ് ശ്രമിച്ചിട്ടും കാമുകന്‍ അയഞ്ഞില്ല. ഒടുക്കം പട്ടിണി കിടന്ന് ആരോഗ്യനില വഷളായതോടെ ഇയാളെ ആശുപത്രിയിലേയ്ക്ക് മാറ്റി. തുടര്‍ന്ന് അനന്തബര്‍മ്മനെ വിവാഹം കഴിക്കാന്‍ ലിപികയും വിവാഹം നടത്തിക്കൊടുക്കാന്‍ വീട്ടുകാരും സമ്മതിക്കുകയായിരുന്നു.

Related posts