കണ്ണൂർ: പാർട്ടി നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി.പി.ദിവ്യ സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽനിന്ന് നീക്കിയെന്നും ജില്ലാ സെന്ററിൽ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും കത്തിൽ പറയുന്നു. ജില്ലാ സെന്ററിലെ പ്രവർത്തനങ്ങളിൽനിന്ന് ഒഴിവാക്കിയത് ജില്ലാ സെക്രട്ടറി പി.കെ.ശ്യാമളയാണെന്നും കത്തിൽ ആരോപിക്കുന്നുണ്ട്.
ഈ നടപടികളെല്ലാം പുനഃപരിശോധിക്കണമെന്നാണ് ദിവ്യയുടെ ആവശ്യം. കത്ത് ലഭിച്ചിട്ടുണ്ടെന്നും വിഷയം ചർച്ച ചെയ്യാമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി അറിയിച്ചു. പി.പി. ദിവ്യയുമായി ഫോണിൽ സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തൊട്ടുമുമ്പാണ് ദിവ്യ കേന്ദ്രനേതൃത്വത്തിന് കത്തയച്ചത്.
നവീൻ ബാബുവിന്റെ മരണത്തെത്തുടർന്നാണ് പി.പി. ദിവ്യയെ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽനിന്ന് ഇരിണാവ് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്. തുടർന്ന് ദിവ്യയെ സിപിഎം പരിപാടികളിൽ സഹകരിപ്പിച്ചിരുന്നില്ല.
