സമ്പത്തേട്ടന്‍ ഫസ്റ്റ് ! നാട്ടിലെത്താനാകാതെ ഡല്‍ഹി മലയാളികള്‍ വലയുമ്പോള്‍ ലോക്ക്ഡൗണിനു മുമ്പേതന്നെ പ്രത്യേക പ്രതിനിധി കേരളത്തിലെ വീട്ടില്‍ ഹാജര്‍;രോക്ഷം പൂണ്ട് മലയാളികള്‍

ലോക്ക്ഡൗണില്‍പ്പെട്ട് നാട്ടിലേക്ക് മടങ്ങാനാവാതെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി മലയാളികളാണ് കുടുങ്ങിക്കിടക്കുന്നത്.

ഈ അവസരത്തില്‍ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട എ.സമ്പത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് അവസാന വിമാനത്തില്‍ കേരളത്തിലെത്തിയത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

കേരളത്തിലേക്ക് മടങ്ങാനാവാതെ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുമ്പോള്‍ അവരുടെ കാര്യങ്ങള്‍ നോക്കാന്‍ ഉത്തരവാദിത്തപ്പെട്ടയാള്‍ നൈസായി കേരളത്തിലേക്ക് മടങ്ങിയത്.

കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികളും സഹായവും വേഗത്തില്‍ നേടിയെടുക്കാനും സംസ്ഥാനത്തിന്റെ മറ്റു ആവശ്യങ്ങള്‍ നിറവേറ്റാനുമാണ് പ്രത്യേക പ്രതിനിധിയായി സമ്പത്തിനെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ കാബിനറ്റ് റാങ്കില്‍ നിയമിച്ചത്.

ഡല്‍ഹി കേരളഹൗസിലാണ് ഓഫീസും താമസവും ഒരുക്കിയത്. കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറേക്കാള്‍ അധികാരങ്ങളും നല്‍കി.

കേരള ഹൗസിലെ കണ്‍ട്രോളറുടേയും ലെയ്‌സണ്‍ ഓഫിസറുടെയും തസ്തിക ഒഴിഞ്ഞു കിടക്കുമ്പോള്‍ സമ്പത്തും നാട്ടിലേക്കു മടങ്ങിയത് വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന നഴ്‌സുമാരുള്‍പ്പെടെയുള്ള മലയാളികളെ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.

കേരള ഹൗസ് ലെയ്‌സണ്‍ ഓഫിസറെ സമ്പത്തിന്റെ ആവശ്യപ്രകാരമാണ് നാട്ടിലേക്കു സ്ഥലം മാറ്റിയത്.

പകരം ആളെ നിയമിച്ചിട്ടില്ല. കണ്‍ട്രോളറുടെ തസ്തികയും മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ റസിഡന്റ് കമ്മിഷണര്‍ എത്തിയിട്ട് രണ്ടു മാസമാകുന്നതേയുള്ളൂ.

രാജ്യത്ത്് കോവിഡ് അതിരൂക്ഷമായ മേഖലകളിലൊന്നാണ് ഡല്‍ഹി. നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധി മലയാളികള്‍ ദുരിതം നേരിടുന്ന സാഹചര്യത്തിലാണ് സമ്പത്ത് മുങ്ങിയത്.

കോവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാരെ നിരീക്ഷണത്തിലാക്കാന്‍ കേരള ഹൗസ് വിട്ടുനല്‍കണമെന്ന ആവശ്യം തള്ളിയത് ഡല്‍ഹിയിലെ മലയാളികള്‍ക്കു തിരിച്ചടിയായിരുന്നു. ഇതില്‍ സമ്പത്തിന്റെ ഇടപെടല്‍ ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

സമ്പത്തിന്റെ ആവശ്യപ്രകാരം പഴ്സനല്‍ സ്റ്റാഫിനെയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്‍ഡ്, ഡ്രൈവര്‍, ഓഫിസ് അറ്റന്‍ഡന്റ് തുടങ്ങിയവരെയാണ് ഇത്തരത്തില്‍ നിയമിച്ചത്. സമ്പത്തിന് യാത്ര ചെയ്ത വകയില്‍ 12 ലക്ഷം രൂപ അനുവദിക്കാനും അനുമതി നല്‍കി.

തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്കും തിരിച്ചും വിമാനത്തില്‍ സഞ്ചരിച്ചതിനും കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്തതിനുമാണ് ബത്ത നല്‍കിയത്.

ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കേണ്ട സമ്പത്ത് മിക്ക സമയത്തും കേരളത്തിലാണെന്നാണ് പരക്കെയുള്ള ആക്ഷേപം.

ആറ്റിങ്ങല്‍ എംപിയായിരുന്ന സമ്പത്ത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 38,247 വോട്ടിന് കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശിനോട് പരാജയപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കാബിനറ്റ് റാങ്കില്‍ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ അവരോധിതനായതും.

Related posts

Leave a Comment