കഞ്ചാവുവലി അനുഷ്ഠാനമായ ഒരു നാട് ! ‘മലാനാ ക്രീം’ എന്നറിയപ്പെടുന്ന മുന്തിയ ഇനം കഞ്ചാവ് കയറ്റി അയയ്ക്കുന്നത് ആംസ്റ്റര്‍ഡാമിലേക്ക്;ഹിമാലയത്തിലെ ഏതന്‍സ് എന്നറിയപ്പെടുന്ന ഈ വിദൂരഗ്രാമത്തെക്കുറിച്ചറിയാം…

ലഹരിവസ്തുവായ കഞ്ചാവിന്റെ വില്‍പ്പന ഇന്ത്യയില്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ കഞ്ചാവ് കൃഷിയും ഉപയോഗവും നിയമവിധേയമായ ഒരു സ്ഥലം ഇന്ത്യയില്‍ തന്നെയുണ്ട്.

ഹിമാചല്‍ പ്രദേശിലെ ഹിമാചല്‍പ്രദേശിലെ കുളു താഴ്വരയിലുള്ള മലാനയാണ് ഈ ഗ്രാമം. ‘മലാന ക്രീം’ എന്നാണ് ഇവിടുത്തെ കഞ്ചാവ് അറിയപ്പെടുന്നത്. നൂറ്റാണ്ടുകളായി ഇവിടം അറിയപ്പെടുന്നത് മലാനക്രീമിന്റെ പേരിലാണ്.

മാത്രമല്ല, ഹിമാലയത്തിലെഏതന്‍സ് എന്നും ഇവിടം അറിയപ്പെടാറുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ഇവരുടെ ആചാരങ്ങള്‍.

പുറംലോകവുമായി ഈ ഗ്രാമീണര്‍ക്ക് ഒരു അടുപ്പവുമില്ല. ഉയര്‍ന്ന ഗുണമേന്മയുള്ള ഇവിടുത്തെ കഞ്ചാവ് പ്രധാനമായും ആംസ്റ്റര്‍ഡാമിലെ കോഫിഷോപ്പുകളിലേക്കാണ് കയറ്റി അയക്കുന്നത്.

ഗുണമേന്മക്കുള്ള കനാബിസ് കപ്പ് പുരസ്‌കാരം രണ്ട് തവണ നേടിയിട്ടുമുണ്ട് ‘മലാന ക്രീം’. കഞ്ചാവ് കൃഷി ഇവിടുള്ളവര്‍ക്ക് പാരമ്പര്യത്തിന്റെ ഭാഗമാണ്.

കുത്തനെയുള്ള ഹിമാലയന്‍ പ്രകൃതിയില്‍ അവര്‍ക്ക് വളര്‍ത്താനും വില്‍ക്കാനും പണം വാങ്ങാനും കഴിയുന്ന ഏക നാണ്യവിളയാണ് കഞ്ചാവ്. ഗ്രാമത്തില്‍ നിന്ന് അല്‍പ്പം ദൂരെ കാടിനോട് ചേര്‍ന്നാണ് ഇവരുടെ കഞ്ചാവ് കൃഷി.

മഞ്ഞ് പെയ്യാത്ത ആറ് മാസങ്ങളിലാണ് മലാനയിലുള്ളവര്‍ സ്വാഭാവിക ജീവിതം നയിക്കുന്നത്. കിലോ മീറ്ററുകള്‍ താണ്ടി വിറക് ശേഖരിക്കുകയും ശൈത്യം വരുമ്പോള്‍ വീട്ടില്‍ ചടഞ്ഞുകൂടുന്നതുമാണ് ഇവരുടെ രീതി. തണുപ്പു കാലത്ത് മഞ്ഞ് വീണ് ഗ്രാമം തന്നെ മൂടിപ്പോകും.

ആട്ടിടയന്മാരാണ് മലാനികള്‍. അതിരാവിലെ ആട്ടിന്‍പറ്റങ്ങളുമായി അവര്‍ മല കയറും. പുറംനാടുകളില്‍ ജോലിക്കു പോകുന്നത് ഇവരുടെ ആചാരങ്ങള്‍ക്ക് എതിരാണ്. മാത്രമല്ല, പുറംനാട്ടുകാരെ അവര്‍ വീടുകളില്‍ പ്രവേശിപ്പിക്കാറില്ല.

പുറംനാട്ടുകാര്‍ തൊട്ടാല്‍, വീടും ക്ഷേത്രങ്ങളും അശുദ്ധമാവും. അതിനു കാരണമാവുന്നവര്‍ ശുദ്ധീകരണക്രിയകള്‍ക്കു വലിയൊരു സംഖ്യ പിഴ ഒടുക്കുകയും വേണം. തടിയിലാണ് ഇവര്‍ വീടുകള്‍ നിര്‍മിക്കുന്നത്.

ഏതു കാലാവസ്ഥയെയും മറികടക്കുന്ന രീതിയിലാണ് ഇവയുടെ നിര്‍മ്മാണം. ചോറാണ് മലാനികളുടെ പ്രധാനഭക്ഷണം. സ്ത്രീകളില്‍ അധികം പേരും വീട്ടുജോലികള്‍ നോക്കും.

ചിലര്‍ കൂട്ടം കൂടിയിരുന്നു തണുപ്പിനെ മറികടക്കാനുള്ള കുപ്പായങ്ങള്‍ തയ്ക്കും. ചിലര്‍ കാട്ടുതേനും മറ്റ് ഗ്രാമവിഭവങ്ങളും വില്‍ക്കാന്‍ പോകും. കാട്ടുതേന്‍ ശേഖരിക്കുന്നത് ഗ്രാമത്തിലെ കുട്ടികളാണ്. ഈ വിദൂരഗ്രാമത്തെക്കുറിച്ച് പുറംലോകത്തിന് വലിയ വിവരമില്ല എന്നതാണ് യാഥാര്‍ഥ്യം.

Related posts

Leave a Comment