നടിയെ ആക്രമിച്ച കേസില്‍ സിബിഐ വിവരങ്ങള്‍ ശേഖരിക്കുന്നു; കലാഭവന്‍ മണിയുടെ മരണത്തില്‍ കോഴിക്കോട് സ്വദേശിനിയുടെ ഫോണ്‍കോള്‍ പരിശോധിക്കും; രണ്ടു കേസുകളും കൂട്ടിമുട്ടുന്നതിങ്ങനെ…

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമെന്ന നിലയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സി.ബി.ഐ. ശേഖരിക്കുന്നു. കലാഭവന്‍ മണിയുടെ മരണത്തിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് തര്‍ക്കമാണെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര സി.ബി.ഐ. സംഘത്തിനു ചില തെളിവുകള്‍ കൈമാറിയിരുന്നു. ദിലീപ് അറസ്റ്റിലായതിനു പിന്നാലെ മണിയുടെ മരണത്തിനു പിന്നിലെ വസ്തുതകള്‍ അറിയാമെന്ന വെളിപ്പെടുത്തലുമായി കോഴിക്കോട് സ്വദേശിനി ബൈജുവിനെ ഫോണില്‍ വിളിച്ചിരുന്നു. യുവതിയുടെ ഫോണ്‍ സംഭാഷണം അടക്കമുള്ള തെളിവുകളാണു ബൈജു കൊട്ടാരക്കര സി.ബി.ഐ. കൊച്ചി ഓഫീസില്‍ എത്തി കൈമാറിയത്.

സി.ബി.ഐയുടെ ഡല്‍ഹി യൂണിറ്റിനൊപ്പം കൊച്ചി യൂണിറ്റും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസില്‍ കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പി.ടി. തോമസ് എം.എല്‍.എ. മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ടു കറുകച്ചാല്‍ സ്വദേശി റോയ് മാമന്‍ ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. അന്വേഷണം ശരിയായ ദിശയിലല്ലെന്നും ചിലരുടെ താല്‍പര്യമനുസരിച്ചാണു ദിലീപിനെ അറസ്റ്റ് ചെയ്തതെന്നും ചൂണ്ടിക്കാട്ടിയാണു ഹര്‍ജി. മുഖ്യപ്രതി പള്‍സര്‍ സുനിയ്ക്കെതിരേ ദിലീപ് നല്‍കിയ പരാതി പരിഗണിക്കാതെ അറസ്റ്റ് ചെയ്ുകയായിരുന്നുയവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

രാഷ്ട്രീയ-മാധ്യമ-സിനിമാ രംഗത്തെ ഉന്നതരുടെ ഗൂഢാലോചനയാണ് തന്നെ കുടുക്കിയതെന്നാണു ദിലീപ് ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്റെ ഇടപെടലും അതില്‍ വ്യക്തമാക്കിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിരിക്കില്ലെന്നാണു ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍ അഭിഭാഷകരോടു പറഞ്ഞത്. കുറ്റപത്രത്തില്‍ വീഴ്ച പറ്റിയാല്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടാമെന്നാണു ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. കെ. രാമന്‍പിള്ളയുടെ നിലപാട്. ഇത്തവണ ജാമ്യം കിട്ടിയില്ലെങ്കില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ദിലീപിന്റെ കുടുംബം കോടതിയെ സമീപിക്കാന്‍ ആലോചിച്ചിരുന്നു.

 

Related posts