കൊച്ചി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിന് ഇത്തവണ ഓണ്‍സ്ക്രീന്‍ മാര്‍ക്കിംഗ് ഏര്‍പ്പെടുത്തിയതോടെ മാര്‍ക്ക് കുറഞ്ഞതായി വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപക പരാതി. ജില്ലയിലെ പല സ്കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് പ്രതീക്ഷിച്ച രീതിയില്‍ മാര്‍ക്ക് കിട്ടിയില്ലെന്നാണ് കുട്ടികളും രക്ഷിതാക്കളും പരാതി ഉന്നയിക്കുന്നത്.
ഉത്തരക്കടലാസുകള്‍ സ്കാന്‍ ചെയ്തു ഡിജിറ്റലാക്കിയായിരുന്നു ഇത്തവണ മൂല്യനിര്‍ണയം. പല ഉത്തരക്കടലാസുകളും മൊബൈലില്‍ ചിത്രമെടുത്ത് അപ്ലോഡ് ചെയ്തിട്ടുണ്ട്. വ്യക്തമല്ലാത്ത തരത്തില്‍ സ്കാന്‍ ചെയ്ത ഉത്തരക്കടലാസുകളും ലഭിച്ചിരുന്നുവെന്ന് അധ്യാപകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
ഓണ്‍ സ്ക്രീന്‍ മാര്‍ക്കിംഗ്
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസില്‍ ഡിജിറ്റല്‍ മാര്‍ക്കിങ് സമ്പ്രദായം നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷമാണ് ഇത്തരത്തിലുള്ള മൂല്യനിര്‍ണയം നടത്തിയത്. ഡിജിറ്റല്‍ മൂല്യനിര്‍ണയത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ സ്കാന്‍ ചെയ്ത് സുരക്ഷിതമായ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ അപ്ലോഡ് ചെയ്യുന്നു. അധ്യാപകര്‍ ഈ ഉത്തരക്കടലാസുകള്‍ കംപ്യൂട്ടര്‍ സ്ക്രീനില്‍ കണ്ട് മൂല്യനിര്‍ണയം നടത്തുന്നതാണ് ഓണ്‍ സ്ക്രീന്‍ മാര്‍ക്കിംഗ്.
പരീക്ഷാ പ്രക്രിയയില്‍ കാര്യക്ഷമത, സുതാര്യത, കൃത്യത, സുസ്ഥിരത എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഡിജിറ്റല്‍ മൂല്യനിര്‍ണയത്തിലേക്ക് നീങ്ങിയത്. ഓണ്‍സ്ക്രീന്‍ മാര്‍ക്കിങ് സംവിധാനം പിശകുകള്‍ ഇല്ലാതാക്കുകയും മാനുവല്‍ ആയിട്ടുള്ള ഇടപെടല്‍ ഗണ്യമായി കുറയ്ക്കുകയും ചെയ്യും. പുതുതായി അവതരിപ്പിച്ച സംവിധാനം മൂല്യനിര്‍ണയ പ്രക്രിയ വേഗത്തിലാക്കുകയും അധ്യാപകരുടെ വിശാലമായ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യും.
പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകാതെ തന്നെ സ്വന്തം സ്കൂളുകളില്‍ ഇരുന്ന് കൊണ്ട് തന്നെ ഉത്തരക്കടലാസുകള്‍ വിലയിരുത്താന്‍ കഴിയും. അധ്യാപകര്‍ക്ക് അവരുടെ പതിവ് അക്കാദമിക് ചുമതലകള്‍ തുടരാനും ഈ സംവിധാനം സഹായിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കിയിരുന്നു.
