രാജ്യത്ത് ഗാര്‍ഹിക വൈദ്യുത മേഖലയില്‍ വരാന്‍ പോകുന്നത് പ്രീപെയ്ഡ് വിപ്ലവം ! പുതിയ വൈദ്യുത മീറ്ററിന് പ്രത്യേകതകള്‍ നിരവധി; ലോഡ് ഷെഡിംഗും ഉണ്ടാവില്ല…

അടുത്ത വര്‍ഷം രാജ്യത്ത് വരാന്‍ പോകുന്നത് പുതിയ പ്രീപെയ്ഡ് വിപ്ലവം. എന്നാല്‍ ടെലികോം രംഗത്തല്ല ഗാര്‍ഹിക വൈദ്യുത ഉപഭോക്തൃ മേഖലയിലാണ് ഈ വന്‍മാറ്റത്തിനു വഴിയൊരുങ്ങുന്നതെന്നു മാത്രം. 2019 ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രീ-പെയ്ഡ് വൈദ്യുതമീറ്ററുകള്‍ ഏര്‍പ്പെടുത്താനാണ് നീക്കം നടക്കുന്നത്. നിലവിലെ മീറ്ററുകളുടെ സ്ഥാനത്ത് അത്യാധുനിക ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന മീറ്ററുകള്‍ കൊണ്ടുവരും. വൈദ്യുതി ഉപയോഗം കുറയ്ക്കാനും മേഖലയിലെ തൊഴില്‍ വെട്ടിച്ചുരുക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.

മൊബൈലുകളില്‍ ഉപയോഗിക്കുന്ന പ്രീ-പെയ്ഡ് സിമ്മിന്റെ രൂപത്തിലാണ് വൈദ്യുത മീറ്ററുകളും റീചാര്‍ജ് ചെയ്യുക. ഇതു സംബന്ധിച്ചുള്ള കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കും. കേന്ദ്ര ഊര്‍ജ സഹമന്ത്രി ആര്‍.കെ. സിംഗാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഡിടിഎച്ചിനു സമാനമായ രീതിയില്‍ റീച്ചാര്‍ജ് ചെയ്യാവുന്ന മീറ്ററുകളാണ് വരിക. ആവശ്യത്തിന് തുക നേരത്തെ അടച്ച് റീചാര്‍ജ് ചെയ്യാം. റീച്ചാര്‍ജ് തുക തീര്‍ന്നാല്‍ വീണ്ടും വൈദ്യുതി ലഭിക്കണമെങ്കില്‍ ഉപഭോക്താവിന് നല്‍കുന്ന കാര്‍ഡ് റീചാര്‍ജ് ചെയ്യേണ്ടിവരും. മൊബൈല്‍ ഫോണ്‍ പോലെ തന്നെ വൈദ്യുതിയും ഉപയോഗിക്കേണ്ടി വരും. റീചാര്‍ജ് ചെയ്ത തുക തീര്‍ന്നു പോകുമെന്ന ഭയത്താല്‍ മിക്കവരും കുറച്ച് ഉപയോഗിക്കാന്‍ തുടങ്ങും. ഇതുവഴി റീഡര്‍മാരുടെ തൊഴിലും ഒഴിവാക്കാനാവും.

രാജ്യത്ത് നിരവധി സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണിത്. കേരളത്തിലും ഇതിനായി ടെന്‍ഡര്‍ നടപടികള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. ഓരോ ദിവസത്തെയും ഉപയോഗം സംബന്ധിച്ചുള്ള വ്യക്തമായ റിപ്പോര്‍ട്ടുകള്‍ ഉപഭോക്താവിന് നല്‍കും. ഇതിലൂടെ അനാവശ്യ ഉപയോഗങ്ങള്‍ കുറയ്ക്കാനും സാധിക്കും. അതേസമയം, 500 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് റീചാര്‍ജ് മീറ്റര്‍ മതിയെന്ന നിര്‍ദ്ദേശമുണ്ട്.രാജ്യത്താകെ 2.26 കോടി പുതിയ വൈദ്യുത മീറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര കണക്ക്. വൈദ്യുത ബില്ലുകള്‍ കൃത്യമായി കണക്കാക്കുന്നതിലും വിതരണം ചെയ്യുന്നതിലുമുള്ള പ്രശ്‌നങ്ങളാണ് പുതിയ മീറ്ററുകള്‍ കൊണ്ടുവരാന്‍ കാരണം.

ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന പദ്ധതിയാണിത്. ഇപ്പോള്‍ കേരളത്തില്‍ രണ്ടു മാസത്തെ ബില്ലാണ് ഒന്നിച്ചു നല്‍കുന്നത്. ഇതില്‍ രണ്ടു മാസത്തേക്ക് ഉപയോഗിച്ചാലും ഇല്ലെങ്കിലും നിശ്ചിത തുക നല്‍കണം. എന്നാല്‍ പുതിയ മീറ്റര്‍ വരുമ്പോള്‍ ഉപയോഗിച്ച മണിക്കൂറുകള്‍ക്ക് മാത്രം പണം നല്‍കിയാല്‍ മതിയാകും. അതേസമയം, നിലവില്‍ ലഭിക്കുന്ന സബ്‌സിഡികള്‍ ഒഴിവാക്കില്ല. ഇക്കാര്യത്തില്‍ അതാത് സംസ്ഥാനങ്ങളിലെ വൈദ്യുത വിതരണ കമ്പനികള്‍ക്ക് തീരുമാനിക്കാം.

ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം മറ്റൊരു വലിയ തീരുമാനം ലോഡ് ഷെഡിങ് ഒഴിവാക്കിയേക്കും എന്നതാണ്. ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തിയാല്‍ വൈദ്യുതിവിതരണ കമ്പനികള്‍ക്ക് പിഴ ചുമത്താനും നീക്കം നടക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്ക് കീഴിലുള്ള വൈദ്യുത കമ്പനികളെ നിരീക്ഷിച്ച് വേണ്ട പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനാണ് കേന്ദ്ര നീക്കം. ഈ വാര്‍ത്ത പുറത്തു വന്നതോടെ നിരവധി ആളുകളാണ് പദ്ധതിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്തു വന്നിരിക്കുന്നത്.

Related posts