സ്വകാര്യബസുകള്‍ക്ക് എല്ലാ റൂട്ടിലും ഓടാന്‍ അനുമതി ! ഡ്രൈവര്‍മാരുടെ സേവനം വിലയിരുത്താന്‍ യാത്രക്കാര്‍ക്കും അവസരം; പരിഷ്‌കാരങ്ങള്‍ ഇങ്ങനെ…

സ്വകാര്യ ബസുകള്‍ക്ക് ഇനി ഏതു റൂട്ടിലും ഓടാനുള്ള അനുമതി നല്‍കി ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിന് മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയതിനൊപ്പമാണിത്.

കേന്ദ്രമോട്ടോര്‍വാഹന നിയമഭേദഗതി പ്രകാരം ഓണ്‍ലൈന്‍ ടാക്‌സികളെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിന് നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് കേന്ദ്ര നടപടി. അഞ്ചുവര്‍ഷത്തേക്ക് അഞ്ചുലക്ഷം രൂപയാണ് ലൈസന്‍സ് ഫീസ്.

100 ബസുകളും 1000 മറ്റു വാഹനങ്ങളും ഉള്ള കമ്പനികള്‍ ഒരുലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി അടയ്ക്കണം. സഹകരണനിയമപ്രകാരം രജിസ്ട്രര്‍ചെയ്ത സ്ഥാപനങ്ങള്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാം.

കേന്ദ്രനിയമത്തിന് അനുസൃതമായി സംസ്ഥാന സര്‍ക്കാരിനും ഉത്തരവിറക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്. പുതിയ നിയമ പ്രകാരം ഓണ്‍ലൈനില്‍ വാടക ഈടാക്കി ഏതുതരം വാഹനങ്ങളും ഓടിക്കാം.

ഇതോടെ ഓണ്‍ലൈന്‍ ടിക്കറ്റ് നല്‍കി ഏത് റൂട്ടിലും ബസ് ഓടിക്കാനുള്ള അവകാശം അഗ്രഗേറ്റര്‍ ലൈസന്‍സ് സമ്പാദിക്കുന്നവര്‍ക്ക് കിട്ടും. നിലവിലെ അന്തര്‍സംസ്ഥാന ആഡംബര ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് അഗ്രഗേറ്റര്‍ ലൈസന്‍സ് എടുത്താല്‍ ഏത് റൂട്ടിലും ടിക്കറ്റ് നല്‍കി യാത്രക്കാരെ കൊണ്ടുപോകാനും കഴിയും.

ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കും യോഗ്യതയും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇവര്‍ക്ക് പരിശീലന ക്ലാസുകളും ആരോഗ്യ പരിശോധനയും ഇന്‍ഷുറന്‍സും നിര്‍ബന്ധമാണ്. യാത്രക്കാര്‍ക്ക് ഡ്രൈവര്‍മാരുടെ സേവനങ്ങള്‍ വിലയിരുത്തി മാര്‍ക്കിടാം.

Related posts

Leave a Comment