ചങ്ങനാശേരി: പുന്നമടക്കായലിലെ ഓളങ്ങളെ കീറിമുറിച്ചു ജലരാജാക്കന്മാര് കരിനാഗങ്ങളെപ്പോലെ കണ്ണിനും മനസിനും ഇമ്പകരമായി കടന്നുവരികയാണ്…. ചമ്പക്കുളംകാരന് ജോളി എതിരേറ്റിന്റെ കമന്ററി ഇപ്രാവശ്യവും നെഹ്റുട്രോഫി വള്ളംകളിയില് അത്യാവേശമാകും. കഴിഞ്ഞ ഇരുപതു വര്ഷമായി ജോളി എതിരേറ്റ് നെഹ്റുട്രോഫി വള്ളംകളിക്ക് ഉശിരും ആവേശവും പകരുന്ന കമന്റേറ്ററാണ്.
നെഹ്റുട്രോഫി വള്ളംകളിയുടെ ചരിത്രം, വള്ളംകളിക്കെത്തുന്ന ജലരാജാക്കന്മാർ, പുന്നമടക്കായലിന്റെ ഓളപ്പരപ്പ് തുടങ്ങിയവയെല്ലാം ഹൃദിസ്ഥമാക്കിവച്ചിരിക്കുന്ന നിഘണ്ടുതന്നെയാണ് ജോളി. 1999 മുതല് ചങ്ങനാശേരി അസംപ്ഷനിലെ ക്ലറിക്കല് ജീവനക്കാരനായ ജോളി എതിരേറ്റ് കോളജിലെ കലാകായികമേളകളില് കമന്ററി നടത്തിയാണ് ഈ രംഗത്തെ തുടക്കം.
ചമ്പക്കുളം പോരൂക്കര സെന്ട്രല് സ്കൂളിലെ കായികമേളയിലും ജോളി വിവരണം നല്കിയിരുന്നു. ഇവിടെനിന്നാണ് മൂലം വള്ളംകളിയിലേക്ക് ചമ്പക്കുളംകാരന് ജോളിയുടെ രംഗപ്രവേശം. തന്റെ പിതാവ് ജോര്ജുകുട്ടി എതിരേറ്റില്നിന്നും ലഭിച്ച അറിവും വാചാലതയും നെഹ്റു ട്രോഫി മത്സരങ്ങള് സംബന്ധിച്ച് ഓര്ത്തുവയ്ക്കുന്ന കാര്യങ്ങളുമാണ് പുന്നമടക്കായലിലെ ഓളപ്പരപ്പില് ജലരാജാക്കന്മാര് ആവേശത്തിരയിളക്കുമ്പോള് കാണികളെ മുള്മുനയില് നിര്ത്താനുള്ള വാക്ചാതുര്യം ജോളി എതിരേറ്റിനു സിദ്ധിച്ചത്.
30ന് പുന്നമടക്കായലില് 71-ാമത് നെഹ്റുട്രോഫി വള്ളംകളി നടക്കുമ്പോള് കഴിഞ്ഞ 70 വര്ഷത്തെ വള്ളംകളികളുടെ ഓര്മക്കുറിപ്പുകള് തന്റെ സ്വര മാസ്മരികതകൊണ്ട് ജോളി എതിറേറ്റിനു പറയാന് കഴിയുന്നുവെന്നത് ആകര്ഷകമാണ്. 2018വരെ നെഹ്റുട്രോഫിയില് ഓള് ഇന്ത്യ റേഡിയോ കമന്റേറ്ററായിരുന്ന ജോളി പിന്നീട് സംഘാടക സമിതിയുടെ ഭാഗമായി പവലിയന് കമന്ററിക്കാരനായി. സംസ്ഥാന ടൂറിസം വകുപ്പിന്റെ ചാമ്പ്യന്സ് ബോട്ട് ലീഗില് നാലുതവണ കമന്റേറ്ററായിരുന്നു.
പ്രശസ്ത കമന്റേറ്റര് വി.വി.ഗ്രീഗറിയാണ് ഈ രംഗത്തെ ഗുരുനാഥനെന്നും 2002ല് ഗ്രിഗറി സാറിനൊപ്പമാണ് മൂലം വള്ളംകളിയില് എത്തിച്ചേര്ന്നതെന്നും ജോളി എതിരേറ്റ് പറഞ്ഞു. 2024ലെ വള്ളംകളി വീറും വാശിയും ആവേശവും നിറഞ്ഞ ഇഞ്ചോടിഞ്ഞു പോരാട്ടമായിരുന്നുവെന്ന് ജോളി എതിരേറ്റ് ഓര്ക്കുന്നു.
ബെന്നി ചിറയില്