പുതുപ്പള്ളി: സത്യപ്രതിജ്ഞയ്ക്കു തിരുവനന്തപുരത്തേക്കു പോകുന്നതിനു മുന്നോടിയായി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പൊട്ടിക്കരഞ്ഞ് ചാണ്ടി ഉമ്മന്‍. ഇന്നലെ രാവിലെ പുതുപ്പള്ളി അങ്ങാടി കവലയിലെത്തിയ ചാണ്ടി ഉമ്മനെ ആവേശപൂര്‍വമാണ് പ്രവർത്തകർ സ്വീകരിച്ചത്.
മുദ്രാവാക്യം വിളികളില്‍ മുഖരിതമായ അന്തരീക്ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പം അങ്ങാടിയിലെ ഉമ്മന്‍ ചാണ്ടിയുടെ ചിത്രമുള്ള സ്മാരകത്തിലേക്കെത്തി. സ്മരകത്തില്‍ ഹാരാര്‍പ്പണം നടത്തി.
തുടര്‍ന്ന് ചാണ്ടി ഉമ്മനെ തോളിലേറ്റിയാണ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്കു കൊണ്ടുപോയത്. ചാണ്ടി ഉമ്മനെ പ്രവര്‍ത്തകരും മണ്ഡലത്തിലെ വിവിധ ഭാരവാഹികളും ജനപ്രതിനിധികളും ഷാള്‍ അണിയിക്കാനും ഹാരാര്‍പ്പണം നടത്താനും തിക്കുംതിരക്കും കൂട്ടി.
പുതുപ്പള്ളി പള്ളിയുടെ പ്രധാന ഗേറ്റ് വഴി അകത്തേക്ക് കയറി പള്ളിയുടെ മുന്നിലെ കല്‍ക്കുരിശില്‍ പ്രാര്‍ഥിച്ചു. തുടര്‍ന്നു പള്ളിക്കുള്ളില്‍ പ്രവേശിച്ചു കുമ്പിട്ട് പ്രാര്‍ഥനയില്‍ മുഴുകി. നേര്‍ച്ച സമര്‍പ്പിച്ചു പുറത്തിറങ്ങി കല്ലറയ്ക്കു മുന്നിലെത്തി.
