വ​ല​യി​ഞ്ചി​പ്പ​ടി ന​ട​പ്പാ​ലം ത​ക​ർ​ന്നി​ട്ട് നാ​ല​ര വ​ർ​ഷം; പ്രതിഷേധിച്ച് നാട്ടുകാർ


ഏ​ന്ത​യാ​ർ: പു​ല്ല​ക​യാ​റി​നു കു​റു​കെ കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഏ​ന്ത​യാ​ർ വ​ല​യി​ഞ്ചി​പ്പ​ടി ന​ട​പ്പാ​ലം ത​ക​ർ​ന്നി​ട്ട് നാ​ല​ര വ​ർ​ഷം പി​ന്നി​ട്ടു. 2021 ഒ​ക്‌​ടോ​ബ​ർ 16നു​ണ്ടാ​യ പ്ര​ള​യ​ത്തി​ലാ​ണ് മു​ക്കു​ളം ഈ​സ്റ്റ് മേ​ഖ​ല​യി​ലെ ആ​ളു​ക​ൾ​ക്ക് ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്ന ന​ട​പ്പാ​ലം ത​ക​ർ​ന്ന​ത്.
പ്ര​ള​യ​ത്തി​ൽ കൂ​ട്ടി​ക്ക​ൽ, കൊ​ക്ക​യാ​ർ, മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി പാ​ല​ങ്ങ​ൾ ത​ക​ർ​ന്നെ​ങ്കി​ലും അ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും പു​ന​ർ​നി​ർ​മി​ച്ചു.

എ​ന്നാ​ൽ, നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ അ​ധി​വ​സി​ക്കു​ന്ന മു​ക്കു​ളം ഈ​സ്റ്റ്‌ മേ​ഖ​ല​യി​ലെ വ​ല​യി​ഞ്ചിപ്പ​ടി ന​ട​പ്പാ​ലം ഇ​ന്നും ത​ക​ർ​ന്ന അ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാണ്.

മൂ​ന്നു കി​ലോ​മീ​റ്റ​ർ വ​ട്ടം ചു​റ്റ​ണം
ന​ട​പ്പാ​ലം ത​ക​ർ​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ മൂ​ന്നു കി​ലോ​മീ​റ്റ​റി​ല​ധി​കം സ​ഞ്ച​രി​ച്ച് ഏ​ന്ത​യാ​ർ ഈ​സ്റ്റ്‌ പാ​ലം വ​ഴി വേ​ണം ഏ​ന്ത​യാ​റി​ൽ എ​ത്താ​ൻ. ഇ​ങ്ങ​നെ ചു​റ്റി​ക്ക​റ​ക്കം ഏ​റെ​യും ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളെ​യാണ്.

മു​ക്കു​ളം ഈ​സ്റ്റ്‌ മേ​ഖ​ല​യി​ലെ ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ളും പ​ഠി​ക്കു​ന്ന​ത് ഏ​ന്ത​യാ​ർ, കൂ​ട്ടി​ക്ക​ൽ പ്ര​ദേ​ശ​ത്തെ സ്കൂ​ളു​ക​ളി​ലാ​ണ്. ന​ട​പ്പാ​ല​മു​ള്ള​പ്പോ​ൾ നൂ​റു​മീ​റ്റ​ർ ക​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ച് മ​റു​ക​ര എ​ത്താ​വു​ന്ന കു​ട്ടി​ക​ൾ​ക്ക് പു​ല്ല​ക​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​മ്പോ​ൾ കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടേ​ണ്ട അ​വ​സ്ഥ​യാ​ണ്.

പു​തി​യ സ​ർ​ക്കാ​രി​ൽ പ്ര​തീ​ക്ഷ
നാ​ളു​ക​ളാ​യു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് പു​തി​യ സ​ർ​ക്കാ​ർ പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ. നി​ര​വ​ധി ത​വ​ണ നി​വേ​ദ​ന​ങ്ങ​ളും പ​രാ​തി​ക​ളും ന​ൽ​കി​യെ​ങ്കി​ലും വ​ല​യി​ഞ്ചി​പ്പ​ടി ന​ട​പ്പാ​ലം പു​ന​ർ നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. നി​യു​ക്ത പീ​രു​മേ​ട്, പൂ​ഞ്ഞാ​ർ എം​എ​ൽ​എ​മാ​രെ ത​ങ്ങ​ളു​ടെ ദു​രി​തം അ​റി​യി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നാ​ട്ടു​കാ​ർ.

Related posts

Leave a Comment