തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കേരളത്തിന്റെ സ്വത്താണെന്നും അദ്ദേഹത്തെ അപമാനിക്കാൻ നീചമായ ശ്രമം നടക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സുകുമാരൻ നായർ എല്ലാവരോടും മാന്യമായി പെരുമാറുന്ന വ്യക്തിയാണ്.
ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗണേഷ് കുമാർ സുകുമാരൻ നായരെ രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. ഇതിനു മറുപടി നൽകുകയായിരുന്നു ചാണ്ടി ഉമ്മൻ. അതേസമയം കെപിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകളിലും ചാണ്ടി ഉമ്മൻ നിലപാട് വ്യക്തമാക്കി.
എംഎൽഎമാർക്കും എംപിമാർക്കും കെപിസിസി അധ്യക്ഷനാകുന്നതിന് അയോഗ്യതയില്ല. മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപിയായിരിക്കെയാണ് പാർട്ടി അധ്യക്ഷ സ്ഥാനം വഹിച്ചതെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി. ജനപ്രതിനിധികൾക്ക് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതിൽ തടസമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
