ഹരിപ്പാട്; അപ്പൂപ്പൻ അതിക്രൂരമായി കൊല്ലപ്പെട്ട് വീടിനുള്ളിൽ കിടക്കുമ്പോഴും യാതൊരു ഭാവവ്യത്യാസവുമില്ലാതെ എട്ടാം ക്ലാസുകാരിയായ കൊച്ചുമകൾ കാഴ്ച്ചവെച്ച അഭിനയം പോലീസിനെപ്പോലും അമ്പരപ്പിച്ചു. ഇന്നലെ പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ചോദിച്ചപ്പോഴും പ്രായത്തിൽ കവിഞ്ഞ പക്വതയോടെയും തെല്ലും ഭയമില്ലാതെയും വളരെ കൂളായാണ് പെൺകുട്ടി ഉദ്യോഗസ്ഥരോട് സംസാരിച്ചത്.
കൊലപാതകം നടന്ന ശനിയാഴ്ച രാത്രിയിൽ താൻ മറ്റൊരു സുഹൃത്തിന്റെ വീട്ടിലായിരുന്നുവെന്ന് വരുത്തിത്തീർക്കാൻ പെൺകുട്ടി ശ്രമിച്ചിരുന്നു. കൃത്യത്തിനു ശേഷം അപ്പൂപ്പൻ മരിച്ചുകിടക്കുന്നതു വ്യക്തമായി അറിഞ്ഞിട്ടും തനിക്ക് പങ്കില്ലെന്ന് വരുത്താൻ ഞായറാഴ്ച വൈകിട്ട് കൂട്ടുകാരുമൊത്ത് വീട്ടിലെത്തി വാതിലിൽ തട്ടിവിളിച്ചു. അപ്പൂപ്പൻ വാതിൽ തുറക്കുന്നില്ലെന്നു സുഹൃത്തുക്കളെ ധരിപ്പിച്ചു മടങ്ങി.
തുടർന്നു തിങ്കളാഴ്ച രാവിലെ ആശുപത്രിയിലുള്ള അമ്മൂമ്മ വിളിച്ചു ഭർത്താവിനെ ഫോണിൽ കിട്ടുന്നില്ലെന്നു പറഞ്ഞതിനെത്തുടർന്ന്, അയൽവാസിയെയും ഇതരസംസ്ഥാന തൊഴിലാളിയെയും കൂട്ടി വീട്ടിലെത്തി നോക്കിയപ്പോഴാണ് സംഭവം അറിഞ്ഞതെന്നായിരുന്നു പെൺകുട്ടി ആദ്യം പോലീസിനു നൽകിയ മൊഴി.
എന്നാൽ, കൊലപാതക വിവരമറിഞ്ഞപ്പോഴും ഒരു സംഭവം നടന്ന ഭാവം പോലുമില്ലാതിരുന്ന പെൺകുട്ടിയുടെ അമിത ശാന്തതയും പരസ്പരവിരുദ്ധമായ വാക്കുകളുമാണ് പോലീസിൽ ആദ്യം സംശയം ജനിപ്പിച്ചത്. ഫോൺ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കള്ളക്കഥകളെല്ലാം മണിക്കൂറുകൾക്കകം പൊളിഞ്ഞു വീഴുകയായിരുന്നു.
