തിരുവനന്തപുരം: സ്കൂളുകളിൽ ബാലഗോകുലം പ്രസിദ്ധീകരണമായ മയിൽപ്പീലിയുടെ സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അനുമതി റദ്ദാക്കിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. സർക്കാർ രാജ്യദ്രോഹികൾക്കും ഭീകരവാദ സംഘടനകൾക്കും വേണ്ടി കുട്ടികളെ വേർതിരിച്ചു കാണുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബാലഗോകുലം വർഗീയ പ്രസ്ഥാനമാണോയെന്ന് ചോദിച്ച കെ. സുരേന്ദ്രൻ ബാലഗോകുലത്തിന് പരീക്ഷ നടത്താൻ അനുമതി ഇല്ലെങ്കിൽ ആരും നടത്തേണ്ടെന്നും പറഞ്ഞു. പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് സംഘടനകൾക്ക് എല്ലാ അനുമതിയും നൽകുന്നു. സർക്കാർ ആദ്യം അനുമതി നൽകി. ജില്ലാതല പരീക്ഷകൾ നടക്കുന്നതിനിടെയാണ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അനീതി. ഒരുകാലത്തും വർഗീയത പ്രചരിപ്പിച്ചിട്ടില്ലാത്ത ബാലഗോകുലത്തിന് ഭ്രഷ്ട് കൽപിക്കുന്നുവെന്നും ആരോപിച്ചു.
ജമാഅത്തെ ഇസ്ലാമിക്കും മുസ്ലിം ലീഗിനും പരീക്ഷയ്ക്ക് അനുമതി നൽകുന്നുണ്ടെങ്കിൽ ബാലഗോകുലത്തിനും നൽകണം. രാജ്യദ്രോഹികൾക്കും ഭീകരവാദ സംഘടനകൾക്കും വേണ്ടി കുട്ടികളെ വേർതിരിച്ചു കാണുകയാണ് സർക്കാർ. സർവശിക്ഷ അഭിയാനിൽ നിയമനങ്ങൾ നടത്തുന്നത് അനധികൃതമായാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ആളുകളെ ജോലിയിൽ പ്രവേശിപ്പിക്കുന്നു. എല്ലാത്തിലും അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
