ചെന്നൈ: ഉപതെരഞ്ഞെടുപ്പുകൾ വരാനിരിക്കെ നിർണായക രാഷ്ട്രീയ നീക്കവുമായി ടിവികെ. തങ്ങളെ പിന്തുണയ്ക്കുന്ന പാർട്ടികളുടെ യോഗം മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിളിച്ചു. തെരഞ്ഞെടുപ്പുകളിൽ സഖ്യമായിട്ട് മത്സരിക്കാനാണ് നീക്കമെന്നും ബുധനാഴ്ച ചേരുന്ന യോഗത്തിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കുമെന്ന് ടിവികെ വ്യക്തമാക്കി.
ആദ്യ പടിയായി വിസികെ അധ്യക്ഷൻ തിരുമാവളവന്റെ വീട്ടിലെത്തി ബുസി ആനന്ദും ആധവ് അർജുനയും കൂടിക്കാഴ്ച നടത്തി. പിന്തുണയ്ക്ക് നന്ദി പറയാൻ വിജയ് ആഗ്രഹിക്കുന്നതായി നേതാക്കൾ വ്യക്തമാക്കി. കോൺഗ്രസ്, സിപിഎം, സിപിഐ, ലീഗ് , എംഡിഎംകെ പാർട്ടികളെയും യോഗത്തിലേക്ക് ക്ഷണിക്കുമെന്നും സഖ്യത്തിന്റെ പേരും ആലോചനയിലുണ്ടെന്നും ടിവികെ നേതാക്കൾ പറഞ്ഞു.
തമിഴ്നാട്ടിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നതിന് സൂചന നൽകി ഒമ്പത് വർഷത്തെ ബന്ധത്തിന് വിരാമമിട്ട് വൈക്കോയുടെ മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകവും ഡിഎംകെ സഖ്യത്തിൽ നിന്ന് പിന്മാറിയിരുന്നു. തമിഴ്നാട്ടിൽ രാഷ്ട്രീയ സമവാക്യങ്ങൾ പൂർണമായി മാറുന്നതിന്റെ വ്യക്തമായ സൂചന നൽകുന്നതാണ് എംഡിഎംകെയുടെ നീക്കം. അതേസമയം നീക്കങ്ങളെല്ലാം ഡിഎംകെ നിരീക്ഷിക്കുന്നുണ്ട്.
