കൂട്ടുകാർ തന്റെ മുന്നിൽ കളിക്കുന്നത് കണ്ട് സന്തോഷിക്കുന്ന കൊച്ചുപെൺകുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങൾ നിറ കണ്ണുകളോടെയാണ് ഏറ്റെടുത്തത്. ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഒരു കൊച്ചു പെൺകുട്ടി, തന്റെ കൂട്ടുകാർ ഓടിക്കളിക്കുന്നത് നോക്കി ചിരിക്കുന്ന കാഴ്ച കാണുന്നവരുടെ കണ്ണുനിറയ്ക്കുന്നതാണ്. കൂട്ടുകാരുടെ സന്തോഷം കണ്ട് മനസ് നിറഞ്ഞ് ചിരിക്കുന്ന കൊച്ചു മിടുക്കിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ ആയിരങ്ങളുടെ ഹൃദയത്തെ സ്പർശിച്ചു.
ദിവ ചൗധരി എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ വീഡിയോ പങ്കുവെച്ചത്. കോണിപ്പടിയിൽ ഇരിക്കുന്ന പെൺകുട്ടിക്ക് സമീപം രണ്ട് ആൺകുട്ടികൾ ഗുസ്തി പിടിക്കുന്നതും ഓടിക്കളിക്കുന്നതും നോക്കി ആസ്വദിക്കുന്നതാണ് വീഡിയോ. ശാരീരികമായി അവർക്കൊപ്പം ഓടാൻ കഴിയാത്ത പെൺകുട്ടി, കിലുക്കാംപെട്ടി പോലെ ചിരിച്ച് അവരൊടൊപ്പം സന്തോഷിക്കുകയായിരുന്നു.
സ്വന്തം വിഷമങ്ങൾ മറന്ന് കൂട്ടുകാരുടെ ചിരിക്കൊപ്പം ചേരുന്ന ആ പെൺകുട്ടിയുടെ നിഷ്കളങ്കത വീഡിയോയുടെ മാറ്റ് കൂട്ടുന്നു. വളരെ ചെറിയ ഒരു വീഡിയോ ആണെങ്കിലും വലിയൊരു വൈകാരികത അതിൽ ഒളിഞ്ഞിരിപ്പുണ്ട്. സ്വന്തം ശാരീരിക പരിമിതികൾ മറന്ന്, മറ്റുള്ളവരുടെ സന്തോഷത്തിൽ ആനന്ദം കണ്ടെത്താൻ അവൾക്ക് കഴിയുന്നു എന്നതാണ് വീഡിയോ ചൂണ്ടികാട്ടുന്നത്.
ഹൃദയത്തെ സ്പർശിക്കുന്നതും അതേസമയം സങ്കടമുണർത്തുന്നതുമാണ് ആ പുഞ്ചിരിയെന്ന് പലരും കുറിച്ചു. ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു, കരുത്തയായ പെൺകുട്ടി, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ, എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.
