കോവിഡില്‍ നിന്ന് രക്ഷനേടാന്‍ ആളുകള്‍ ശുചീകരണ ടണലുകളിലേക്ക് ഓടിക്കയറുന്നു. ! ലക്ഷക്കണക്കിന് ആളുകള്‍ കഴിയുന്നത് തടവുപുള്ളികളെപ്പോലെ; ചരിത്രത്തില്‍ ആദ്യമായി ചൈന പരാജയപ്പെടുമ്പോള്‍…

ലോകത്തെ അനിഷേധ്യ സാമ്പത്തിക ശക്തിയായി വളര്‍ന്നു വന്ന ചൈന കൊറോണ വൈറസിനു മുമ്പില്‍ അടിയറവു പറയുന്ന കാഴ്ച അതിദയനീയമാണ്. അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് ചൈനക്കാര്‍. സാമ്പത്തികമായി തകര്‍ന്നടിഞ്ഞ ചൈനയിലെ ജനങ്ങള്‍ കോവിഡ്-19ന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ നെട്ടോട്ടമോടുകയാണ്.

കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച ചൈനയില്‍ തന്നെയാണ് പല പ്രതിരോധ മാര്‍ഗങ്ങളും ആദ്യം പരീക്ഷിക്കപ്പെടുന്നത്. രോഗാണുക്കളെ പരമാവധി കൊല്ലുന്ന ശുചീകരണ ടണലുകളും രോഗാണു നാശിനികള്‍ സ്‌പ്രേ ചെയ്യുന്ന ട്രക്കുകളുമൊക്കെ ഇതില്‍ പെടുന്നു.

പക്ഷേ, ഇതുകൊണ്ടൊന്നും കൊറോണയില്‍ നിന്നും പൂര്‍ണ്ണമായും രക്ഷപ്പെടാനാവില്ലെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്. ഓട്ടോമാറ്റിക് കാര്‍വാഷ് പോലുള്ള ഈ സംവിധാനത്തിനുള്ളില്‍ കയറി നിന്നാല്‍ മനുഷ്യന്റെ ദേഹത്തെ രോഗാണുക്കളില്‍ 99 ശതമാനവും നശിക്കുമെന്നാണ് കരുതപ്പെടുന്നത്.

ചൈനീസ് നഗരമായ ചോങ്ക്വിങിലാണ് ഈ ടണല്‍ സ്ഥാപിച്ചിരിക്കുന്നത്. കൊറോണ വൈറസ് ഭീതിയില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗമായാണ് ഈ ഉപകരണത്തെ കാണുന്നത്.

ഇതു മാത്രമല്ല രോഗാണു നാശിനികള്‍ സ്‌പ്രേ ചെയ്യുന്ന ട്രക്കുകളും അണുവിമുക്തമാക്കുന്ന പുകയടിക്കുന്ന മെഷീനുകളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ശാശ്വതമായ പരിഹാരമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിനോടകം കൊറോണ ബാധിച്ച് ചൈനയില്‍ മാത്രം മൂവായിരത്തോളം ആളുകളാണ് മരണമടഞ്ഞത്. രോഗം ബാധിച്ചവര്‍ ഒരുലക്ഷത്തിനടുത്തുവരും.

ജനങ്ങള്‍ക്ക് വീടിനു പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ് ഇപ്പോള്‍ ഒട്ടുമിക്ക നഗരങ്ങളിലും. അടച്ചിട്ട വീടുകളില്‍ ചൈനീസ് ജനത തളയ്ക്കപ്പെട്ടിരിക്കുകയാണ്.

ഏറെനാളുകള്‍ അടച്ചിട്ട വീടുകളില്‍ കഴിയുന്നതു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വേറെയും. അണുനാശിനി സ്‌പ്രേ നിര്‍മാണവുമായി ചിലര്‍ സജീവമാണ്. എന്നാല്‍ കൊറോണയെ നശിപ്പിക്കാന്‍ അണുനാശിനിയ്ക്കു കഴിയുമോയെന്ന കാര്യത്തില്‍ യാതൊരു തെളിവുമില്ല.

ശരീരത്തിനുള്ളിലെ വൈറസിന് പുറത്ത് അണുനാശിനി പ്രയോഗിച്ചിട്ട് എന്തു പ്രയോജനം എന്ന ചോദ്യമാണ് ചിലര്‍ ഉയര്‍ത്തുന്നത്. മാത്രമല്ല അണുനാശിനിയുടെ വീര്യം ഒരു ദിവസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുകയുമില്ല. പിന്നെയുള്ള വഴി വീടിനുള്ളില്‍ തന്നെ വാതിലടച്ചിരിക്കുക എന്നതു തന്നെ.

ക്രിമിനലുകളെ പിടികൂടാന്‍ ബെയ്ജിംഗില്‍ സ്ഥാപിച്ച നിരീക്ഷണ കാമറാ സംവിധാനവും പരാജയപ്പെടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. എല്ലാവരും മുഖാവരണങ്ങള്‍ ധരിച്ചിരിക്കുന്നതിനാലാണ് ഇത്. ആളുകളുടെ ഡിജിറ്റല്‍ ചുവടുവയ്പ്പുകള്‍ പിന്തുടരാനാണ് ഇപ്പോള്‍ ചൈന ശ്രമിക്കുന്നത്. ഒരാള്‍ എവിടെ പോയാലും അയാളെക്കുറിച്ച് സര്‍ക്കാര്‍ അറിയും.

ട്രെയിനുകളിലും മറ്റിടങ്ങളിലും ഉഗ്യോഗസ്ഥരെത്തി ആളുകളുടെ പേരും, ദേശീയ ഐഡി നമ്പറും, അവര്‍ അടുത്തകാലത്ത് എവിടെയെല്ലാം പോയി എന്നതും എല്ലാം എഴുതിയെടുക്കുന്ന രീതിയും തുടങ്ങിയിട്ടുണ്ട്.

ചില നഗരങ്ങളില്‍ പൊതു ഗതാഗതം ഉപയോഗിക്കണമെങ്കില്‍ ഒരു ആപ് ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്‌തേ മതിയാകൂ എന്ന നിബന്ധനയും കൊണ്ടുവന്നിട്ടുണ്ട്. കൊറോണാവൈറസ് പോയാല്‍ പോലും സോഫ്റ്റ്വെയര്‍ തങ്ങളുടെ ഫോണില്‍ നിലനില്‍ക്കില്ലേ എന്ന സംശയവും പലര്‍ക്കുമുണ്ട്.

കൊറോണ ഭീതിയില്‍ പഠനമെല്ലാം ഓണ്‍ലൈനിലേക്കു മാറ്റിയിരിക്കുകയാണ് ചൈനയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട അവധിയും കൊറോണയുമെല്ലാം കാരണം ഈവര്‍ഷം കാര്യമായി ക്ലാസുകള്‍ നടന്നിട്ടില്ല. ജനുവരിമുതല്‍ പല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരുന്നു.

കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ മറ്റു രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്കു മടങ്ങി. അനിശ്ചിതമായി അവധി നീണ്ടതോടെയാണ് ഓണ്‍ലൈനായി ക്ലാസുകള്‍ പുനരാരംഭിക്കാന്‍ പല കോളേജുകളും തീരുമാനിച്ചത്.

മെഡിക്കല്‍ കോളേജുകളില്‍ പലതിലും ക്ലാസുകള്‍ തുടങ്ങിയിട്ട് ഒരാഴ്ചയായി. ടൈം ടേബിള്‍ അനുസരിച്ചുതന്നെ ക്ലാസുകള്‍ നടക്കുന്നുണ്ടെന്ന് യി ചാങ് സിറ്റിയിലെ മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി പറഞ്ഞു. പടിഞ്ഞാറന്‍ ഹുബെയ് പ്രവിശ്യയില്‍ ഉള്‍പ്പെടുന്നതാണ് യി ചാങ് സിറ്റി. ക്ലാസിന്റെ സമയം വിദ്യാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കും.

ഈ സമയത്ത് വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനിലുണ്ടാകണം. ചൈനീസ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് പഠനം. പവര്‍ പോയന്റ് അവതരണങ്ങളെല്ലാമായി രസകരമാണ് ക്ലാസുകള്‍. വിദ്യാര്‍ത്ഥികള്‍ പ്രത്യേക ഐ.ഡി. ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്യുന്നത്.

ക്ലാസില്‍ പങ്കെടുക്കാത്തവര്‍ക്ക് ഹാജര്‍ നഷ്ടമായതായി രേഖപ്പെടുത്തുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. മൊത്തത്തില്‍ പല മേഖലയിലുമുണ്ടായിരുന്ന ചൈനയുടെ അപ്രമാദിത്വമാണ് ഇതോടെ തകര്‍ന്നടിയുന്നത്.

Related posts

Leave a Comment