ചിറ്റൂർ: പ്രളയാനന്തരം കർഷക സമൂഹത്തിന് ഉണർവേകാനുള്ള മാതൃകാ പ്രവർത്തനവുമായി ചിറ്റൂർ കോളേജ് എൻഎസ്എസ് യൂണിറ്റുകളിലെ വിദ്യാർത്ഥികൾ. യൂണിറ്റുകളുടെ ദത്തുഗ്രാമമായ പട്ടഞ്ചേരിയിൽ കർഷകനായ സേതുമാധവന്റെ ഒരേക്കർ നെൽപാടമാണ് ഇവർ പാട്ടത്തിനെടുത്തു നെൽകൃഷിയിറക്കിയത്.
ട്രാക്ടർ ഉഴുതിട്ട ചെളിപാടത്തിലേക്ക് ഇറങ്ങാൻ ഇവർ മടികാട്ടിയില്ല. പട്ടാഞ്ചേരി കൃഷിഭവനിൽനിന്നും ശേഖരിച്ച ’ഉമ’ നെൽവിത്താണ് ഇവർ പാകി മുളപ്പിച്ചത്.കൃഷിയിറക്കൽ പരിപാടി രാവിലെ പത്തിന് ഞാറു പറിയോടുകൂടി തുടങ്ങി. നൂറോളം വോളണ്ടിയർമാർ അവരുടെ അധ്യാപകരോടൊപ്പം ഞാറുനട്ട് കൃഷിയുടെ ആദ്യഘട്ടം പൂർത്തീകരിച്ചു.
കർഷകനായ കെ. സേതുമാധവൻ, കർഷക തൊഴിലാളി പുഷ്പ പ്രഭാകരൻ എന്നിവർ വിദ്യാർത്ഥികൾക്ക് വേണ്ട നിർദേശങ്ങൾ നല്കി.എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ കെ.പ്രദീഷ്, സി.ജയന്തി, വാർഡ് മെന്പർ മോഹനൻ, കർഷകനായ സേതുമാധവൻ, വിദ്യാർഥികളായ എസ്.പ്രമോദ്, എം.ബി.ഷാബിർ, കെ.വൈഷ്ണ, എസ്.അഭിലാഷ്, ജ്വാല ജോഷി, കെ.ദർശന, എം.മന്യ, എസ്.ജിജേഷ്, കെ.ശബരി, എസ്.ദിവ്യ, ആർ.സൗമ്യ എന്നിവർ നേതൃത്വം നല്കി.
വരുംനാളുകളിൽ കളപറി, വളമിടൽ തുടങ്ങിയ തുടർപ്രവർത്തനങ്ങൾ നിർവഹിച്ച് മാർച്ചിൽ കൊയ്തെടുക്കാനാണ് ആഗ്രഹിക്കുന്നത്. ദത്തുഗ്രാമത്തിനായി ഒരേക്കർ സ്ഥലത്തിൽ പ്ലാവിൻതോട്ടം, വീടുകൾ തോറും ഫ്ളെക്സിൽ നിന്നും നിർമിച്ചെടുത്ത ഗ്രോബാഗ് ഉപയോഗിച്ച് അടുക്കളത്തോട്ടങ്ങൾ, പ്രളയശേഷം കാർഷിക പ്രദേശങ്ങളിൽ സംഭവിച്ച മണ്ണിന്റെ രാസമാറ്റ പരിശോധന, കുളങ്ങളുടെ ശുചീകരണം എന്നിവ ഇതിനോടകം ഇവർ നടത്തിയ കാർഷിക പ്രവർത്തനങ്ങളിൽപെടുന്നു.