ശ്രീഹരിക്കോട്ട (ആന്ധ്രപ്രദേശ്): രാജ്യത്തെ ബഹിരാകാശ മേഖലയിൽ പുതുചരിത്രമെഴുതി ഐഎസ്ആർഒ. ഇന്ത്യ നിർമിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹം സിഎംഎസ്-3 ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നു വിജയകരമായി വിക്ഷേപിച്ചു.
രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്കു കരുത്താകുന്ന 4,410 കിലോ തൂക്കമുള്ള അത്യാധുനിക ഉപഗ്രഹമാണ് എൽവിഎം-3 (ലോഞ്ച് വെഹിക്കിൾ മാർക്ക്- 3) റോക്കറ്റിൽ ബഹിരാകാശത്തേക്കു വിക്ഷേപിച്ചത്.
ഇന്ത്യ ഉപഭൂഖണ്ഡം ഉൾപ്പെടുന്ന വിശാല സമുദ്രമേഖലയിലേക്കുള്ള മൾട്ടി-ബാൻഡ് കമ്യൂണിക്കേഷൻ സേവനങ്ങളാകും ഉപഗ്രഹം ലഭ്യമാക്കുക. നാവികസേനയുടെ ശബ്ദ, വീഡിയോ, ഡാറ്റ തുടങ്ങിയ ആശയവിനിമയ ശേഷികളിലും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലും ഗണ്യമായ പുരോഗതി കൈവരിക്കാനും ഇതോടെ രാജ്യത്തിനാകും.

