യാതൊരു മയവുമില്ല! 342 ടണ്‍ പ്ലാസ്റ്റിക്കുമായി ഉപയോഗത്തില്‍ മുന്നില്‍ കൊക്കക്കോള; പ്ലാസ്റ്റിക് ഉപയോഗവുമായി ബന്ധപ്പെട്ട് കമ്പനി പുറത്തുവിട്ട കണക്കുകളില്‍ പകച്ച് ലോകം

പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടുള്ള കുത്തകകളുടെ വളര്‍ച്ച സംബന്ധിച്ച് അനവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. അതിലൊന്നാണ് ആഗോളഭീമന്മാരായ കൊക്കകോള. ജലചൂഷണമായിരുന്നു ഇത്രയും നാള്‍ കേട്ടുകൊണ്ടിരുന്ന പഴിയെങ്കില്‍ ഇപ്പോള്‍ അവര്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ കണക്കാണ് ഞെട്ടിച്ചിരിക്കുന്നത്.

ആദ്യമായാണ് തങ്ങള്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ കണക്ക് കമ്പനി പുറത്തു വിടുന്നത്. ഓരോ ദിവസവും 190 കോടി കുപ്പിപ്പാനീയമാണ് ലോകമെമ്പാടുമായി ഇവര്‍ വില്‍ക്കുന്നത്. ഇന്ത്യയില്‍ സ്ഥിരം കാണുകയും ഉപയോഗിക്കുകയും ചെയ്യുന്ന കോളാ ഉല്‍പന്നങ്ങള്‍ക്ക് പുറമേ, വ്യത്യസ്തമായ അഞ്ഞൂറിലധികം ശീതളപാനീയ ഉല്‍പന്നങ്ങളാണ് കമ്പനി ലോകവിപണിയിലിറക്കുന്നത്. ഇതില്‍ പ്ലാസ്റ്റിക്ക് കുപ്പികളിലാക്കിയ മിനറല്‍ വാട്ടറും ഉള്‍പ്പെടുന്നു.

എല്ലാ തരം ഉല്‍പന്നങ്ങള്‍ക്കും കൂടി പ്രതിവര്‍ഷം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ കണക്ക് ഇങ്ങനെയാണ്. -2017 ല്‍ മാത്രം 3 മില്യണ്‍ ടണ്‍, അഥവാ 30 ലക്ഷം ടണ്‍ പ്ലാസ്റ്റിക്കാണ് കമ്പനി ഉപയോഗിക്കുന്നത്. അതായത് പ്രതിദിനം 8,219 ടണ്‍!

ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മുഴുവന്‍ പുനരുപയോഗിക്കാന്‍ വേണ്ട കാര്യങ്ങളെല്ലാം കമ്പനി ചെയ്യുന്നുണ്ടെന്നാണ് അധിക്യതര്‍ അവകാശപ്പെടുന്നത്. കുറഞ്ഞ ഭാരം, കൈകാര്യം ചെയ്യാനുള്ള എളുപ്പം, ഗ്ലാസിനെക്കാള്‍ കുറഞ്ഞ ചെലവ്, സുരക്ഷിതത്വം എന്നിവയാണ് പ്ലാസ്റ്റിക്ക് ഉപേക്ഷിക്കാത്തതിന് കാരണമായി കമ്പനി വിശദീകരിക്കുന്നത്. എന്നാല്‍ നിലവില്‍ കമ്പനി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ 25% മാത്രമാണ് ‘റീസൈക്കിള്‍’ ചെയ്തെടുക്കുന്നത്. ഇതിന് സമാനമാണ് മറ്റ് കമ്പനികളും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ്. ഏതായാലും ഇവയെല്ലാം ചേര്‍ന്ന് പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം ചെറുതൊന്നുമല്ലെന്നാണ് മനസിലാക്കേണ്ടത്.

Related posts