ബാങ്കോക്ക് എഫ്‌സിയെ തോല്‍പ്പിച്ചെന്ന് ബ്ലാസ്‌റ്റേഴ്‌സ്; ഏതു ബ്ലാസ്റ്റേഴ്‌സെന്ന് ബാങ്കോക്ക് എഫ്‌സി; കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സന്നാഹമത്സരം വിവാദത്തില്‍…

തായ്ലന്‍ഡ്: പുതിയ സീസണു മുന്നോടിയായി നടന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ സന്നാഹമത്സരം വിവാദത്തില്‍. പുതിയ സീസണിനു മുന്നോടിയായുള്ള ഒരുക്കത്തിനായി തായ്‌ലന്‍ഡിലുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ്, ആദ്യ പരിശീലന മല്‍സരത്തില്‍ ബാങ്കോക്ക് എഫ്‌സിയെ തോല്‍പ്പിച്ചതായി ക്ലബ് അറിയിച്ചിരുന്നു. ഇക്കാര്യം ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തുവിടുകയും ചെയ്തു. തായ്ലന്‍ഡിലെ ഹുവാ ഹിനില്‍ നടന്ന പരിശീലനക്കളിയില്‍ ബ്ലാസ്റ്റേഴ്‌സ് 4-1നു ബാങ്കോക്ക് എഫ്‌സിയെ തോല്‍പിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. ലെന്‍ ഡോംഗല്‍ (17), മലയാളി താരം കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി സഹല്‍ അബ്ദുസമദ് (70), സ്റ്റൊജാനോവിച് (73), ഖര്‍പാന്‍ (80) എന്നിവരാണു ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയതെന്നും. 86-ാം മിനിറ്റില്‍ ബാങ്കോക്ക് എഫ്‌സിക്കു വേണ്ടി പുന്‍ബൂന്‍ചു ആശ്വാസഗോള്‍ കുറിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

എന്നാല്‍, കേരളാ ബ്ലാസ്റ്റേഴ്‌സും തങ്ങളും തമ്മില്‍ ഇതുവരെ ഒരു മല്‍സരം പോലും കളിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സാക്ഷാല്‍ ബാങ്കോക്ക് എഫ്‌സി അധികൃതര്‍ രംഗത്തെത്തിയതോടെയാണ് ‘കളി’ മാറിയത്. ബാങ്കോക്ക് എഫ്‌സിയെ തോല്‍പ്പിച്ചതായി വ്യക്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ് പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയാണ് ക്ലബ് അധികൃതര്‍ മറുപടിയുമായി എത്തിയത്. കേരളാ ബ്ലാസ്റ്റേഴ്‌സുമായി പ്രീ സീസണ്‍ മല്‍സരങ്ങളൊന്നും തങ്ങള്‍ കളിച്ചിട്ടില്ലെന്നാണ് ബാങ്കോക്ക് എഫ്‌സിയുടെ മറുപടി. ബാങ്കോക്ക് എഫ്‌സിയെ തോല്‍പ്പിച്ചതായി വ്യക്തമാക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റും ഒപ്പം ഉപയോഗിച്ചിരിക്കുന്ന തങ്ങളുടെ ലോഗോയും നീക്കം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇതേ പോസ്റ്റിനു നല്‍കിയ മറ്റൊരു മറുപടിയില്‍ ബ്ലാസ്റ്റേഴ്‌സ് ഏതു ടീമിനോടാണ് കളിച്ചതെന്നും ബാങ്കോക്ക് എഫ്‌സി വ്യക്തമാക്കിയിട്ടുണ്ട്.
ബാങ്കോക്ക് തോന്‍ബുരി സര്‍വകലാശാലാ ടീമിനോടാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചതത്രേ. ഇവരുടെ ഫാന്‍ പേജിന്റെ ലിങ്കും ബാങ്കോക്ക് എഫ്‌സി അധികൃതര്‍ നല്‍കിയിട്ടുണ്ട്. സംഭവത്തോട് കേരളാ ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 21 ദിവസം തായ്ലന്‍ഡില്‍ പരിശീലനം നടത്തുന്ന ബ്ലാസ്റ്റേഴ്‌സ് അവിടെ നാലു സന്നാഹ മല്‍സരങ്ങള്‍ കൂടി കളിക്കുന്നുണ്ട്. 29ന് കൊല്‍ക്കത്തയില്‍ നടക്കുന്ന പുതിയ സീസണ്‍ കിക്കോഫ് മല്‍സരത്തില്‍ എടികെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.

അതേസമയം ടീമിന്റെ പേരുമാറിപ്പോയ സംഭവം ആരാധകര്‍ ഏറ്റെടുത്തു. ബ്ലാസ്‌റ്റേഴ്‌സിന്റെ ഫേസ്ബുക്ക് പേജില്‍ ആകെ ബഹളമാണ് ഇപ്പോള്‍.
കാര്യങ്ങള്‍ ഇത്രയും ആയ സ്ഥിതിക്ക് ശരിക്കും ബാങ്കോക്ക് എഫ്‌സിയുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് കളിക്കണമെന്നാണ് ഒരു വിഭാഗം ആരാധകരുടെ ആവശ്യം. ചിലര്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരേ ആക്ഷേപവും ഉന്നയിക്കുന്നുണ്ട്.

Related posts