ശോഭാ ഡേയുടെ കളിയാക്കല്‍ വഴിത്തിരിവായി! പോലീസ് ഓഫീസര്‍ തടി കുറയ്ക്കാന്‍ തീരുമാനിച്ചു; ചികിത്സാ സഹായവുമായി മുന്‍നിര ആശുപത്രികള്‍

daulatram-jogawat_650x400_51488265230ചില ആളുകളുടെ പരാമര്‍ശം പോലും ചിലരുടെ ജീവിതത്തിന്റെ ഗതിതന്നെ മാറ്റിക്കളയും. ഇത്തരത്തില്‍ എഴുത്തുകാരി ശോഭാ ഡേയുടെ ട്വീറ്റിലൂടെ അമിതവണ്ണത്തിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പരിഹാസത്തിനിരയായ പോലീസ് ഓഫീസറാണിപ്പോള്‍ തന്റെ തടി കുറയ്ക്കാന്‍ തീരുമാനിച്ച് ചികിത്സ തേടിയിരിക്കുന്നത്. മധ്യപ്രദേശിലെ ഇന്‍സ്‌പെക്ടറായ ദൗലദ് റാം ജോഗെവദ് ആണ് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സ നേടിയത്.

എന്തൊക്കെ രോഗങ്ങള്‍ അദ്ദേഹത്തിനുണ്ടെന്നും ബാരിയാട്രിക് സര്‍ജറിയിലൂടെ ഭാരം കുറയ്ക്കാന്‍ സാധിക്കുമോ എന്നുമുള്ള പരിശോധനകളാണ് നടത്തിയത്. ഇതിന്റെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം മാത്രമേ ഭാവി ചികിത്സാരീതികള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സാധിക്കൂവെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മിനിമല്‍ അക്‌സസ് സര്‍ജിക്കല്‍ സയന്‍സസസ് ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ മുഫാസാല്‍ ലക്ദ്വാല പറഞ്ഞു. ഏറ്റവും മികച്ച ചികിത്സതന്നെ അദ്ദേഹത്തിനു ലഭ്യമാക്കുമെന്നും വളരെ പെട്ടെന്ന് സാധാരണ ശരീരഭാരത്തിലേക്ക് മടങ്ങിവരുമെന്നും ലക്ദ്വാല പറഞ്ഞു.

മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിക്കെത്തിയ ജോഗെവതിനെ മുംബൈ പൊലീസിലെ ഇന്‍സ്‌പെക്ടര്‍ ആയി തെറ്റിദ്ധരിച്ചാണ് ശോഭാ ഡേ ട്വീറ്റ് ചെയ്തത്. ശോഭാ ഡേയുടെ ട്വീറ്റ് തന്നെ വേദനിപ്പിച്ചെന്നും ഇത് അമിതമായി ആഹാരം കഴിച്ചുണ്ടായ പൊണ്ണത്തടി അല്ലെന്നും വ്യക്തമാക്കികൊണ്ട ജോഗെവെത് തന്നെ രംഗത്തെത്തിയിരുന്നു. 1993ല്‍ പിത്താശയ ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് പൊണ്ണത്തടിയിലേക്കു നയിച്ചതെന്നും കളിയാക്കുന്നവര്‍ തന്റെ ചികിത്സയ്ക്കുള്ള പണം തരണമെന്നും ജാഗെവത് ശോഭാ ഡേയോട് പറഞ്ഞിരുന്നു. ഇപ്പോള്‍ 180 കിലോയാണ് ഇദ്ദേഹത്തിന്റെ ശരീരഭാരം. ട്വീറ്റ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി ആശുപത്രികള്‍ ചികിത്സാസഹായവുമായി എത്തിയിരുന്നു.

Related posts