അമേരിക്കന്‍ പൗരന്റെ മൃതദേഹം വീണ്ടെടുക്കാന്‍ പോലീസ് സെന്റിനല്‍ ദ്വീപുവാസികളുടെ ഗോത്രാചാരങ്ങള്‍ പഠിക്കുന്നു ! ദ്വീപുവാസികളെക്കുറിച്ച് നരവംശശാസ്ത്രജ്ഞന്‍ ടി. എന്‍ പണ്ഡിറ്റ് പറയുന്നതിങ്ങനെ…

ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാറിലെ സെന്റിനല്‍ ദ്വീപുവാസികളുടെ ആക്രമണത്തില്‍ മരിച്ച അമേരിക്കന്‍ പൗരന്‍ ജോണ്‍ അലന്‍ ചൗവിന്റെ മൃതശരീരം വീണ്ടെടുക്കാനുള്ള വഴികള്‍ തേടുകയാണ് പോലീസ്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ആദിമ നിവാസികളാണ് സെന്റിനല്‍ ദ്വീപില്‍. ഇവരുടെ മരണാനന്തരചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ നരവംശശാസ്ത്രജ്ഞരുടേയും ഗവേഷകരുടേയും സഹായം തേടുകയാണ് അന്വേഷണസംഘം.

അമേരിക്കന്‍ യാത്രികനായ ജോണ്‍ അലന്‍ ചൗ വിനോദസഞ്ചാരത്തിന് അനുമതി ലഭിച്ചാണ് ദ്വീപിലെത്തിയത്. എന്നാല്‍ ഇയാളുടെ ആഗമനത്തില്‍ പ്രകോപിതരായ ദ്വീപ് നിവാസികള്‍ ഇയാളെ വധിക്കുകയായിരുന്നു.അമ്പെയ്തും കുന്തം കൊണ്ടും ആക്രമിച്ചുമാണ് ദ്വീപ് വാസികള്‍ ചൗവിനെ കൊലചെയ്തതെന്നും അതിനു ശേഷം മൃതശരീരം സമുദ്രതീരത്ത് മറവ് ചെയ്തതായും ചൗവിനെ ദ്വീപിലെത്താന്‍ സഹായിച്ച മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. മറവ് ചെയ്ത് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ശരീരം വീണ്ടും പുറത്തെടുത്ത് മുളവടിയില്‍ കെട്ടി തീരത്ത് കുത്തിനിര്‍ത്തുന്ന പതിവുണ്ടെന്ന് ഇവരുടെ രീതികള്‍ പഠനവിഷയമാക്കിയ ഒരു സംഘം ഗവേഷകര്‍ പറയുന്നു. അവരുടെ വാസസ്ഥലത്ത് അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിത്. പക്ഷെ ഇതിനെ കുറിച്ച് സ്ഥിരീകരണമില്ല.

സെന്റിനല്‍ നിവാസികളുടെ പെരുമാറ്റരീതികളും ജീവിതരീതികളും മനഃശാസ്ത്രവും ഇന്നും ആധുനിക ലോകത്തിന് പിടികിട്ടാത്ത മേഖലകളാണ്. ചൗവിന്റെ മൃതശരീരം വീണ്ടെടുക്കാനുള്ള ശ്രമം തുടരുമെന്നു തന്നെയാണ് പോലീസ് ഭാഷ്യം. ചൗവിനെ ദ്വീപിലെത്തിച്ച മത്സ്യത്തൊഴിലാളികളുമായി പോലീസ് ദ്വീപിന്റെ പരിസരത്ത് എത്തിയെങ്കിലും ചൗവിന്റെ കുഴിമാടത്തിന് സമീപം കാവല്‍ നില്‍ക്കുന്ന ഗോത്രവാസികളെ കണ്ട് തിരിച്ചുപോരേണ്ടി വന്നു. ദ്വീപുവാസികള്‍ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും സൃഷ്ടിക്കരുതെന്ന് ചൗവിന്റെ ബന്ധുക്കള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ദ്വീപിലെ ജനസംഖ്യയെ കുറിച്ചു പോലും കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. നൂറില്‍ താഴെയാണ് ഇവരുടെ ജനസംഖ്യയെന്ന് ഗവേഷകര്‍ പറയുന്നു. 2006 ല്‍ ദ്വീപിലെത്തിയ രണ്ടു മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതശരീരം വീണ്ടെടുക്കാന്‍ നടത്തിയ സേനാശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ദ്വീപുവാസികള്‍ ഒരാളെ വധിച്ചെന്ന വാര്‍ത്ത ആശ്ചര്യകരമാണെന്നാണ് 1967 ല്‍ ആദ്യമായി സെന്റിനലില്‍ പ്രവേശിച്ച നരവംശ ശാസ്ത്രജ്ഞന്‍ ടി.എന്‍. പണ്ഡിറ്റ് പറയുന്നു. ആതെങ്കിലും തരത്തില്‍ ഉപദ്രവിക്കുമെന്ന് ഉറപ്പുള്ളവരെ മാത്രമേ ഇവര്‍ ആക്രമിക്കാറുള്ളു എന്നാണ് ഇദ്ദേഹം പറയുന്നത്. എങ്ങനെ മൃതദേഹം വീണ്ടെടുക്കാമെന്നതിനെക്കുറിച്ച് പോലീസിന് ഇതുവരെ യാതൊരു നിശ്ചയവുമില്ല.

Related posts