മക്കളെ വെയ്റ്റിംഗ് ഷെഡില്‍ തള്ളി കാമുകനൊപ്പം ഒളിച്ചോടിയ അമ്മ ! കമിതാക്കള്‍ക്ക് ഉചിതമായ ശിക്ഷ വിധിച്ച് കോടതി; തിരുവനന്തപുരത്തെ ഒളിച്ചോട്ടക്കേസിന്റെ പരിസമാപ്തി ഇങ്ങനെ…

പിഞ്ചു മക്കളെ വെയ്റ്റിംഗ് ഷെഡില്‍ ഉപേക്ഷിച്ചിട്ടിട്ട് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയ്ക്കും അവരുടെ കാമുകനും ഉചിതമായ ശിക്ഷ വിധിച്ച് കോടതി. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിപ്രകാരം ഇരുവരെയും പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

തിരുവനന്തപുരം, വെങ്ങാനൂര്‍ നെല്ലിവിള മുള്ളുവിള കിഴക്കരികത്ത് വീട്ടില്‍ ലിജിമോള്‍ (24), കോട്ടയം കൂരോപ്പട വട്ടുകുളം കാരുവള്ളിയില്‍ അരുണ്‍കുമാര്‍ (23) എന്നിവരാണു ജയിലിലായത്. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റാണു വിവാഹേതരബന്ധം സംബന്ധിച്ച കേസില്‍ അപൂര്‍വ ഉത്തരവ് പുറപ്പെടുവിച്ചത്.

ലിജിമോളെ കാണാതായതോടെ, ഭര്‍ത്താവ് കാവുങ്ങല്‍ പുത്തന്‍വീട്ടില്‍ ഗിരീഷ്‌കുമാര്‍ കഴിഞ്ഞ 21-ന് നേമം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ആറു വയസ്സുള്ള മകനെയും നാലര വയസുള്ള മകളെയും വെയ്റ്റിംഗ് ഷെഡില്‍ ഉപേക്ഷിച്ച ശേഷം കുട്ടികളെ വിളിച്ചു കൊണ്ടു പോകാന്‍ സഹോദരനോടു പറയണമെന്ന് അമ്മയെ ഫോണ്‍വിളിച്ചു പറയുകയായിരുന്നു.

കുട്ടികളെ വെയ്റ്റിംഗ് ഷെഡില്‍ നിര്‍ത്തിയ ശേഷം അരുണ്‍കുമാറിനൊപ്പം കോട്ടയത്തേക്ക് പോയ ലിജി അയാളുടെ വീട്ടില്‍ താമസമാക്കി. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷത്തില്‍ ഇവര്‍ കോട്ടയത്തുണ്ടെന്ന് മനസ്സിലാകുകയായിരുന്നു.

പിന്നീട് നേമം പോലീസിന്റെ ആവശ്യപ്രകാരം ഇവര്‍ നേമം പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. അവിവാഹിതനായ അരുണ്‍കുമാറിനെ രണ്ടു വര്‍ഷം മുമ്പാണ് ലിജി ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. ഭര്‍ത്താവിന്റെ ഉപദ്രവം മൂലമാണ് വീടുവിട്ടിറങ്ങിയതെന്നും അരുണ്‍കുമാറിനൊപ്പം ജീവിക്കാനാണ് താല്‍പര്യം എന്നും ഇവര്‍ കോടതിയില്‍ അറിയിച്ചു.

എന്നാല്‍ ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് കുട്ടികളോടു ക്രൂരത കാട്ടിയതിന്, ജുവനൈല്‍ ജസ്റ്റിസ് നിയമം 317, 109, 34 വകുപ്പുകള്‍ പ്രകാരമാണു ലിജിക്കെതിരേ പോലീസ് കേസെടുത്തത്. കാമുകന്‍ അരുണ്‍കുമാറിനെതിരേ പ്രേരണാക്കുറ്റവും ചുമത്തി. തുടരന്വേഷണം ആവശ്യമായതിനാല്‍ ഇരുവരെയും നവംബര്‍ ഒമ്പതുവരെ റിമാന്‍ഡ് ചെയ്തു.

Related posts