വില്ലന്‍ വവ്വാല്‍ തന്നെയോ ? രോഗമുള്ള വവ്വാലിന്റെ രക്തം ഗവേഷകരിലൊരാളുടെ ശരീരത്തില്‍ പുരണ്ടുവെന്ന് വിവരം; കോവിഡ്-19ന്റെ പ്രഭവകേന്ദ്രം വുഹാനിലെ ലാബോറട്ടറി തന്നെയെന്ന സംശയം ബലപ്പെടുന്നു

കൊറോണ വൈറസായ കോവിഡ്-19 പടര്‍ന്നത് വുഹാനിലെ ഗവേഷണശാലയില്‍ നിന്നാണെന്ന് ചൈന യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി. വുഹാന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിനു നേരെയാണു ഗവേഷകനായ ബൊട്ടാവോ സിയാവോ വിരല്‍ ചൂണ്ടുന്നത്. വുഹാനിലെ മീന്‍ ചന്തയില്‍നിന്ന് 275 മീറ്റര്‍ മാത്രം മാറിയാണു ഡിസീസ് കണ്‍ട്രോള്‍ ഗവേഷണശാല. വവ്വാലുകള്‍ അടക്കമുള്ള ജീവികളെ ഇവിടെ പരീക്ഷണ വിധേയമാക്കുന്നുണ്ട്.

രോഗമുള്ള വവ്വാലിന്റെ രക്തം ഗവേഷകരിലൊരാളുടെ ശരീരത്തില്‍ പുരണ്ടിട്ടുണ്ടാകാമെന്നും ഇങ്ങനെയാകാം കോവിഡ്-19ന്റെ ഉത്ഭവമെന്നും സിയാവോ പറയുന്നു. കോവിഡ് -19 വൈറസിന്റെ ജനിതക ഘടന പരിശോധിച്ചശേഷമാണ് അദ്ദേഹത്തിന്റെ നിഗമനം. 89 മുതല്‍ 96 ശതമാനം രോഗികളില്‍ കണ്ടെത്തിയ െവെറസിന്റെ ജനിതക ഘടനയ്ക്കു യുനാന്‍, സെജിയാങ് പ്രവിശ്യകളിലെ ഒരിനം വൗവ്വാലുകളില്‍ കാണപ്പെടുന്ന വൈറസുമായി സാമ്യമുണ്ട്.

വുഹാനില്‍നിന്ന് 965 കിലോമീറ്റര്‍ അകലെയാണു യുനാന്‍ പ്രവിശ്യ. വുഹാനിലെ ജനങ്ങള്‍ക്കു വവ്വാലിലെ ഭക്ഷണമാക്കുന്ന ശീലവുമില്ല. യുനാനില്‍ ആദ്യഘട്ടത്തില്‍ വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. ഇത്രയും ദൂരം വവ്വാലുകള്‍ സഞ്ചരിക്കുമെന്നു ഗവേഷകര്‍ വിശ്വസിക്കുന്നുമില്ല. വുഹാനിലെ ഗവേഷണശാലയിലെ ഒരു ഗവേഷകന്റെ ശരീരത്തില്‍ വവ്വാലിന്റെ രക്തം വീണതിനെ തുടര്‍ന്ന് അദ്ദേഹം നിരീക്ഷണകേന്ദ്രത്തിലേക്കു മാറിയിരുന്നു.

വവ്വാലിലെ വൈറസുകള്‍ രക്തത്തിലൂടെ പകരാമെന്ന് ഇദ്ദേഹം കണ്ടെത്തിയിരുന്നതായും സിയാവോ വ്യക്തമാക്കി. അതേ സമയം, വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയെ പ്രതിക്കൂട്ടിലാക്കി ഏതാനും പാശ്ചാത്യ മാധ്യമങ്ങളും രംഗത്തെത്തി. ചൈനയില്‍ കുതിരലാടം എന്നറിയപ്പെടുന്ന ഇനം വവ്വാലുകള്‍ കൊറോണാ വൈറസുകളുടെ ”സംഭരണി”യാണെന്നു വിശ്വസിക്കുന്ന ശാസ്ത്രജ്ഞരുണ്ട്.

2002-2003 സാര്‍സ് ബാധയൂടെ കാരണം കുതിരലാടം വവ്വാലുകളായിരുന്നത്രേ. അതിനാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാകാം വൈറസ് പകര്‍ന്നതെന്നാണ് ഒരു കൂട്ടരുടെ വാദം. കോവിഡ്-19 ബാധിച്ച് ഇതിനോടകം 1800ല്‍ പരം ആളുകളാണ് മരിച്ചത്.

Related posts

Leave a Comment