Set us Home Page

മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ വാക്ക് വെറും പാഴ്‌വാക്കായി ! സിപിഐക്കാരുടെ പ്രവൃത്തിയില്‍ മനംനൊന്ത് ജീവനൊടുക്കിയ സുഗതന്റെ കുടുംബത്തോടു പകപോക്കി രാഷ്ട്രീയക്കാര്‍; വര്‍ക്ക്‌ഷോപ്പിന് ലൈസന്‍സ് നല്‍കില്ലെന്ന് കട്ടായം പറഞ്ഞ് പഞ്ചായത്ത് അധികൃതര്‍…

പത്തനാപുരം: ഏറെ നാള്‍ ഗള്‍ഫില്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം കൊണ്ട് നിര്‍മാണം തുടങ്ങിയ വര്‍ക്ക്‌ഷോപ്പിനു മുമ്പില്‍ സിപിഐക്കാര്‍ കൊടികുത്തിയതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ പ്രവാസി സുഗതന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ വക നീതിനിഷേധം. വിവിധ സംഘടനകള്‍ സഹായം നല്‍കിയും ലോണെടുത്തും വര്‍ക്ക്ഷോപ്പിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രവര്‍ത്തിക്കാനുള്ള ലൈസസന്‍സ് നല്‍കാനാകില്ലന്ന തീരുമാനത്തിലാണ് വിളക്കുടി പഞ്ചായത്ത്.

ലക്ഷങ്ങള്‍ ചിലവഴിച്ച് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കുകയും മെഷീനുകള്‍ സ്ഥാപിക്കുകയും ചെയ്തതിനു ശേഷം ലൈസന്‍സിനായി അപേക്ഷിച്ചപ്പോഴാണ് പഞ്ചായത്ത് അധികൃതര്‍ തനിനിറം കാട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ ഉറപ്പിനെ തുടര്‍ന്നാണ് സുഗതന്റെ കുടുംബം വര്‍ക്ക്ഷോപ്പ് നിര്‍മ്മാണവുമായി മുന്നോട്ടു പോയത്. അവസാന നിമിഷം സര്‍ക്കാരും കൈവിട്ടതോടെഎന്ത് ചെയ്യണമെന്ന അവസ്ഥയിലാണ് ഇവര്‍.

2018 ഫെബ്രുവരി 23 നാണ് കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷനിലെ നിര്‍മ്മാണത്തിലിരുന്ന വര്‍ക്ക്ഷോപ്പില്‍ പ്രവാസിയായ പുനലൂര്‍ വാളക്കോട് സ്വദേശി സുഗതനെ (64) തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത് . പണം ആവശ്യപ്പെട്ട് സിപിഐയുടെ യുവജന സംഘടനാ പ്രവര്‍ത്തകര്‍ ഭീഷണിപെടുത്തിയതിനെ തുടര്‍ന്ന് സുഗതന്‍ ജീവനൊടുക്കുകയായിരുന്നു. സംഭവം വിവാദമായതോടെമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം സഹായവാഗ്ദാനവുമായി രംഗത്തു വന്നങ്കിലും അത് വെറും വാഗ്ദാനം മാത്രമായി തീരുകയായിരുന്നു.

ലോണിനായി ബാങ്കുകളില്‍ കയറിയിറങ്ങിയെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി ഇടപെട്ട് അതും ഇല്ലാതെയാക്കി. ഒടുവില്‍ ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ എന്ന സംഘടന നല്‍കിയ അഞ്ച് ലക്ഷം രൂപയും കടംവാങ്ങിയ അഞ്ച് ലക്ഷം രൂപയും കൊണ്ടാണ് വര്‍ക്ക്ഷോപ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പഞ്ചായത്ത് ലൈസന്‍സ് ലഭിച്ചില്ലങ്കില്‍ ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലന്നാണ് സുഗതന്റെ മകന്‍ സുനില്‍ പറയുന്നത് . പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ സുഗതന്റെ മക്കളായ സുനിലും സുജിത്തും കഴിഞ്ഞ ഒരു വര്‍ഷമായി മറ്റ് ജോലിക്ക് പോകാതെ വര്‍ക്ക്ഷോപ്പിന്റെ പിറകെയാണ്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നികത്തപ്പെട്ട ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത പ്രദേശവാസിയുടെ സ്ഥലം പാട്ടത്തിനെടുത്ത് വര്‍ക്ക്ഷോപ്പ് തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍ പണം ആവശ്യപ്പെട്ട് കൊടി നാട്ടിയത്. വര്‍ക്ക്‌ഷോപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതോടെ സുഗതന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. തുടര്‍ന്ന് മരണവുമായി ബന്ധപ്പെട്ട് മൂന്ന് സിപിഐ ,എഐവൈഎഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികളെ സിപിഐ നേതൃത്വം പൂമാലയിട്ട് സ്വീകരിച്ചതും ജാഥ നടത്തിയതും വിവാദമായിരുന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS