ആലപ്പുഴ: സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ ജില്ലാ സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിക്കുമെതിരേ രൂക്ഷവിമര്‍ശനം. ജി. സുധാകരനെ പിണക്കേണ്ടിയിരുന്നില്ലെന്നും സീറ്റ് നല്‍കേണ്ടതായിരുന്നെന്നും ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.തെരഞ്ഞെടുപ്പിലെ തോല്‍വി എംഎല്‍എമാര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു എന്നതരത്തില്‍ ജില്ലാ സെക്രട്ടറി നടത്തിയ പ്രസ്ഥാവനയ്ക്കെതിരേ പി.പി. ചിത്തരഞ്ജനും എച്ച്. സലാമും പ്രതികരിച്ചു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയെ സ്ഥാനാര്‍ഥിയാക്കിയത് സംസ്ഥാനതലത്തില്‍ തന്നെ തിരിച്ചടിയായി. ജി. സുധാകരന്റെ പ്രശ്നം സൗമ്യമായി കൈകാര്യം ചെയ്തിരുന്നെങ്കില്‍ അമ്പലപ്പുഴയില്‍ അദ്ദേഹം ജയിക്കുമായിരുന്നെന്ന് സെക്രട്ടേറിയറ്റംഗം രാഘവന് പറഞ്ഞു. ടി.കെ. ഗോവിന്ദന്റെയും കുഞ്ഞിക്കൃഷ്ണന്റെയും കാര്യത്തില്‍ അണികളുടെ വികാരം തിരിച്ചറിയാന്‍ സാധിക്കാതെ പോയത് പ്രശ്നമായി.
കണ്ണൂരും കാസര്‍ഗോഡും ജയിക്കേണ്ടയിടങ്ങളില് പ്രശ്നങ്ങളുണ്ടായത് അവിടങ്ങളിലെ പാര്‍ട്ടി നേതൃത്വത്തിന്റെ പ്രശ്നമാണ്. എന്നാല്‍, പിണറായി വിജയനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നില്ല. ഗോവിന്ദന്റെ ശൈലി പാര്‍ട്ടി സെക്രട്ടറിക്ക് ചേര്‍ന്നതല്ല. കൊടിയേരി ബാലകൃഷ്ണന് ഇരുന്ന കസേരയിലാണ് ഗോവിന്ദന് ഇരിക്കുന്നതെന്ന് ഓര്‍ക്കണമെന്നും ചില അംഗങ്ങള്‍ മുന്നറിയിപ്പു നല്കി. ജില്ലാ സെക്രട്ടറി എന്നനിലയില്‍ ആര്. നാസര്‍ തികഞ്ഞ പരാജയമായിരുന്നെന്നും ചില അംഗങ്ങള്‍ പറഞ്ഞു.
