ഹരിപ്പാട്: താലൂക്ക് ആശുപത്രിയിൽ തെരുവുനായ ശല്യം വീണ്ടും രൂക്ഷമാകുന്നു. ഒപി ടിക്കറ്റ് കൗണ്ടറിനു മുന്നിലും അത്യാഹിത വിഭാഗത്തിന്റെ കവാടത്തിലുമടക്കം എപ്പോഴും തെരുവുനായ്ക്കളുടെ കൂട്ടമാണ്. ആശുപത്രിയിലെത്തുന്ന രോഗികളും ഒപ്പമുള്ളവരും ഭയന്നാണ് ഇപ്പോൾ ഉള്ളിലേക്ക് പ്രവേശിക്കുന്നത്.
കഴിഞ്ഞ കുറച്ചു നാളുകളായി ഇവിടെ നായശല്യം രൂക്ഷമായിട്ട്. ഇതിനോടകം തന്നെ ചികിത്സയ്ക്കെത്തിയ നിരവധി രോഗികൾക്ക് ആശുപത്രി പരിസരത്ത് തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. എന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം.
രാപകലില്ലാതെ പ്രായമായവരും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന പ്രധാന ആശുപത്രിയാണിത്. ഒപി ടിക്കറ്റ് എടുക്കാൻ നിൽക്കുന്ന വരിയിലേക്കും അത്യാഹിത വിഭാഗത്തിന് മുന്നിലേക്കും നായക്കൾ കൂട്ടത്തോടെ പാഞ്ഞടുക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.
മറ്റു രോഗങ്ങൾക്ക് ചികിത്സ തേടിവരുന്നവർ നായ കടിയേറ്റ് മടങ്ങേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. അപകടകരമായ ഈ സാഹചര്യത്തിനു പരിഹാരം കാണാൻ ആശുപത്രി അധികൃതരും നഗരസഭയും അടിയന്തരമായി ഇടപെടണമെന്നും രോഗികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്നുമാണ് പൊതുജനങ്ങളുടെ ആവശ്യം.
