ബംഗാളില്‍ ബിജെപിയുമായി കൂട്ടുകൂടി സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസിനെ വീഴ്ത്താനെന്ന് വിശദീകരണം, നന്ദിഗ്രാമിലെ മഴവില്‍ സഖ്യത്തില്‍ ഞെട്ടി കേന്ദ്ര നേതൃത്വം, സിപിഎമ്മില്‍ വിവാദം പുകയുന്നു

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ച് ദിവസങ്ങള്‍ കഴിയുമ്പോള്‍ മുഖ്യശത്രുവുമായി സഖ്യത്തിലേര്‍പ്പെട്ട് ബംഗാളിലെ സിപിഎം. നന്ദിഗ്രാമിലെ ജില്ലാ പരിഷത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലാണ് സിപിഎമ്മും ബിജെപിയും തോളോടുതോള്‍ ചേര്‍ന്ന് മത്സരരിക്കുന്നത്. തൃണമൂല്‍ ശക്തമായ ഇവിടെ സിപിഎം തീര്‍ത്തും ദുര്‍ബലമായിരുന്നു. മുഖ്യ ശത്രുവിനെ നേരിടാന്‍ ബിജെപിയുമായി നീക്കുപോക്കുണ്ടാക്കുന്നതില്‍ തെറ്റില്ലെന്നാണ് സിപിഎം നേതാക്കളുടെ വാദം.

ബംഗാള്‍ അടക്കിവാഴുന്ന മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണത്തില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുകയാണെന്ന് സിപിഎം പറയുന്നു. ബംഗാളിലെ പല പാര്‍ട്ടി ഓഫീസുകളും ഇപ്പോള്‍ തൃണമൂല്‍ ഓഫീസുകളായി രൂപാന്തരപ്പെട്ടിട്ടുണ്ട്. കുറെപ്പേര്‍ ബിജെപിയിലേക്കും പോയി. സിപിഎമ്മാകട്ടെ കൂടുതല്‍ ദുര്‍ബലമാകുകയും ചെയ്തു. പതിറ്റാണ്ടുകളോളം ബംഗാള്‍ ഒറ്റയ്ക്കു ഭരിച്ച പാര്‍ട്ടി ഇപ്പോള്‍ നിലനില്‍പ്പിന്റെ പോരാട്ടത്തിലാണ്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പോലും തൃണമൂല്‍ പ്രവര്‍ത്തകരുടെ ഭീഷണിയെത്തുടര്‍ന്നു സിപിഎമ്മിനു സാധിച്ചില്ല. ഇതോടെയാണു വിശാല പ്രതിപക്ഷ ഐക്യമെന്ന പുതിയ ആശയത്തിനു സിപിഎം തുടക്കം കുറിച്ചത്.

പ്രതിപക്ഷയോഗത്തിലേക്ക് ആദ്യം ക്ഷണിച്ചതും മുഖ്യശത്രുവായ ബിജെപിയെതന്നെ. കോണ്‍ഗ്രസും മറ്റ് ഇടതുപാര്‍ട്ടികളും നന്ദിഗ്രാമില്‍ സിപിഎം വിളിച്ചുചേര്‍ത്ത യോഗത്തിനെത്തി. പത്രിക സമര്‍പ്പിക്കാന്‍ കഴിയാത്ത വാര്‍ഡുകളില്‍ പരസ്പരം സാഹായിക്കാമെന്നു യോഗം തീരുമാനിച്ചു. മൂന്നുവാര്‍ഡുകളില്‍ എസ്യുസിഐ സ്ഥാനാര്‍ഥികളെ ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ പിന്തുണയ്ക്കും.

Related posts