ഏഴ് സീറ്റിൽ ജയം ഉറപ്പിച്ച് സിപിഎം; വയനാട്, മലപ്പുറം മണ്ഡലങ്ങളിൽ ഇടതു മുന്നണി പരാജയം സമ്മതിച്ചു; നാലിൽ സാധ്യത

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റിൽ ഇടത് സ്ഥാനാർഥികൾ വിജയിച്ചുകയറുമെന്ന് സിപിഎമ്മിന്‍റെ വിലയിരുത്തൽ. ബൂത്ത് തലങ്ങളിൽ തയാറാക്കിയ കണക്കുകൾ പരിശോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഈ വിലയിരുത്തലിലെത്തിയത്. നാല് സീറ്റിൽ ഇടത് സ്ഥാനാർഥികൾക്ക് ജയസാധ്യതയുണ്ടെന്നും സിപിഎം കണക്കുകൂട്ടുന്നു.

കാസർഗോഡ്, ആലപ്പുഴ, കൊല്ലം, ആലത്തൂർ, ആറ്റിങ്ങൽ, തൃശൂർ, പാലക്കാട് എന്നീ മണ്ഡലങ്ങളിലാണ് ഇടത് സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെടുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നത്. കനത്ത പോരാട്ടം നടന്ന പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, വടകര മണ്ഡലങ്ങളിൽ വിജയം ലഭിച്ചേക്കുമെന്നും സിപിഎം കരുതുന്നുണ്ട്. ഈ മണ്ഡലങ്ങളിൽ കനത്ത പോരാട്ടം നടന്നുവെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ വിലയിരുത്തൽ.

അതേസമയം വയനാട്, മലപ്പുറം മണ്ഡലങ്ങളിൽ ഇടതു മുന്നണി പരാജയം സമ്മതിച്ചു കഴിഞ്ഞു. ഈ രണ്ടു മണ്ഡലങ്ങളിൽ പ്രതീക്ഷ വയ്ക്കേണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിലേക്ക് ഏകീകരിച്ചുവെന്ന തെരഞ്ഞെടുപ്പ് വിശകലനങ്ങളൊക്കെ സിപിഎം തള്ളിക്കളയുകയാണ്.

ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിൽ ബിജെപി കൂടുതൽ വോട്ടുകൾ പിടിക്കുമെങ്കിലും അക്കൗണ്ട് ഇത്തവണയും തുറക്കില്ലെന്നാണ് സിപിഎം കരുതുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പ്രതികൂലമായി വരുന്ന ഘടകങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നും മികച്ച പോരാട്ടം നടത്താൻ മുന്നണിക്ക് കഴിഞ്ഞുവെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് നിരീക്ഷിച്ചു.

Related posts