ഇത് ഞങ്ങളുടെ ഡെഡ് ബോഡി ! സി.പി.എം. ബി.ജെ.പി. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഹൃദ്രോഗി മരിച്ചു; മൃതദേഹത്തിനായി അവകാശമുന്നയിച്ച് ഇരുപാര്‍ട്ടികളും രംഗത്ത്

 

കൈപ്പമംഗലം: രണ്ടു പാര്‍ട്ടിക്കാര്‍ നടത്തിയ അടിപിടിക്കിടയില്‍ പെട്ട ആള്‍ മരിച്ച ശേഷം മൃതദേഹത്തിനു വേണ്ടി ഇരുപാര്‍ട്ടികളും അവകാശമുന്നയിക്കുന്നത് നമ്മള്‍ സിനിമയില്‍ കണ്ടിട്ടുണ്ട്. 25 വര്‍ഷം മുമ്പ് ഇറങ്ങിയ സന്ദേശം എന്ന സിനിമയിലായിരുന്നു അത്.വഴിയരികില്‍ കിടന്ന മൃതദേഹത്തിനു വേണ്ടി മാമുക്കോയയുടെയും ജയറാമിന്റെയും നേതൃത്വത്തില്‍ ഐ.എന്‍.എസ്.പിയും ശ്രീനിവാസന്റെ നേതൃത്വത്തില്‍ ആര്‍.ഡി.പിയും തമ്മിലുണ്ടായ അവകാശത്തര്‍ക്കം ആരും മറന്നു കാണില്ല.
ചുളുവില്‍ ഒരു രക്തസാക്ഷിയെ ഒപ്പിക്കാനായിരുന്നു ഇരുപാര്‍ട്ടികളും അന്ന് ശ്രമിച്ചത്.”ഈ ഡെഡ്‌ബോഡി മരിച്ചയാളുടേതാണ്” എന്നു വിധിച്ച് പോലീസ് ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോകുന്നതും ”ഭരണകൂട ഭീകരതയ്ക്ക്” എതിരേ ശ്രീനിവാസന്‍ പ്രകടനം നയിക്കുന്നതുമായിരുന്നു തുടര്‍ രംഗങ്ങള്‍.

മറ്റു മേഖലകളെ അപേക്ഷിച്ച് സിനിമയിലായാലും ജീവിതത്തിലായാലും രാഷ്ട്രീയത്തിന് വലിയ വ്യത്യാസമില്ലെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം കൈപ്പമംഗലത്തു നടന്ന സംഭവ വികാസങ്ങള്‍. ശനിയാഴ്ച വൈകിട്ട് സി.പി.എം-ബി.ജെ.പി. സംഘട്ടനത്തിനിടെ പരുക്കേറ്റ കാളമുറി ചക്കംപാത്ത് സതീശനാണ് മരണത്തിനു ശേഷം തര്‍ക്കവിഷയമായത്. ബന്ധുവിനു മര്‍ദനമേല്‍ക്കുന്നതു തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹൃദ്രോഗിയായിരുന്ന സതീശന് സിപിഎമ്മുകാരുടെ അടിയേറ്റത്. ഇന്നലെ രാവിലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരണം സംഭവിച്ചു.

മരണവിവരമറിഞ്ഞതോടെ വീടിനോടു ചേര്‍ന്നുള്ള ജംഗ്ഷനിലെ കൊടിമരത്തില്‍ സിപിഎമ്മുകാര്‍ കൊടി പകുതി താഴ്ത്തിക്കെട്ടി. കരിങ്കൊടി ഉയര്‍ന്നു. ”സതീശന്‍ അന്തരിച്ചു. ആദരാഞ്ജലികള്‍. സി.പി.എം” എന്നു ബോര്‍ഡും വച്ചു. വൈകിയില്ല, ബിജെപി. പ്രവര്‍ത്തകര്‍ കൂട്ടമായെത്തി. ഏരിയാ സെക്രട്ടറി പി.എം. അഹമ്മദ്, െകെപ്പമംഗലം ലോക്കല്‍ സെക്രട്ടറി എം.സി. ശശിധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സി.പി.എം. പ്രവര്‍ത്തകരും സി.കെ. ഉത്തമന്‍, സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകരും സതീശന്റെ വസതിയിലെത്തി. തങ്ങളുടെ പ്രവര്‍ത്തകനാണു സതീശന്‍ എന്ന അവകാശവാദം തര്‍ക്കമായതോടെ അണികള്‍ സംഘര്‍ഷത്തിന്റെ വക്കോളമെത്തി.

”കൊന്നിട്ട് റീത്ത് വയ്ക്കാന്‍ വന്നിരിക്കുന്നു” എന്നു ബി.ജെ.പി. പ്രവര്‍ത്തകര്‍. കഴിഞ്ഞയാഴ്ച കോടിയേരി ബാലകൃഷ്ണന്‍ കാളമുറിയില്‍ പങ്കെടുത്ത പരിപാടിയില്‍ സതീശന്‍ പങ്കെടുത്തിരുന്നു എന്ന് സി.പി.എമ്മുകാരുടെ എതിര്‍വാദം. സിപിഎം പ്രവര്‍ത്തകരുടെ ഇരട്ടിയോളം ബിജെപി. പ്രവര്‍ത്തകര്‍, എന്തും സംഭവിക്കാമെന്ന സാഹചര്യം! ഇരിങ്ങാലക്കുട ഡിവൈഎസ്പിയും ഒരു സി.ഐയും അഞ്ചു സബ് ഇന്‍സ്‌പെക്ടര്‍മാരുമടക്കം നൂറിലേറെ പോലീസുകാര്‍ സ്ഥലത്തെത്തി രണ്ടു കൂട്ടരെയും ഒഴിപ്പിച്ചു. ഇന്നു കൈപ്പമംഗലം നിയോജകമണ്ഡലത്തിലും കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയിലും ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ സി.പി.എം. പ്രവര്‍ത്തകരെ കാണാതായി.

ബിജെപി. പ്രവര്‍ത്തകരും സിപിഎം. പ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘട്ടനത്തില്‍ പരുക്കേറ്റ് കാളമുറി പടിഞ്ഞാറുവശം താമസിക്കുന്ന ചക്കംപാത്ത് കുഞ്ഞയ്യപ്പന്റെ മകന്‍ സതീശന്‍ (45) ആണു മരിച്ചത്. ബന്ധുവിനെ മര്‍ദിക്കുന്നതു തടയാന്‍ ശ്രമിക്കുന്നതിനിടെയാണു സതീശനു മര്‍ദനമേറ്റത്. ഇന്നലെ വൈകിട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരു്ന്നു അന്ത്യം സംഭവിച്ചത്. അഖിലയാണു സതീശന്റെ ഭാര്യ. സന്ദീപ്, സോന, അതുല്യ എന്നിവരാണു മക്കള്‍. ശനിയാഴ്ച െവെകിട്ടാണു പാര്‍ട്ടിക്കാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

മര്‍ദനമേറ്റ സതീശനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു തീരദേശത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതോടെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യാശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സതീശന്‍ ബിജെപി. പ്രവര്‍ത്തകനാണെന്നും സിപിഎമ്മുകാരനാണെന്നും അവകാശവാദങ്ങള്‍ ഉയര്‍ന്നു. സിപിഎം ആദരസൂചകമായി പാര്‍ട്ടി കൊടി താഴ്ത്തിക്കെട്ടി കരിങ്കൊടി ഉയര്‍ത്തി. കൈപ്പമംഗലം നിയോജക മണ്ഡലത്തിലും കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചാണു ബിജെപി  തിരിച്ചടിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത പോലീസ് ഈ പ്രദേശങ്ങളില്‍ പിക്കറ്റിംഗ് ഏര്‍പ്പെടുത്തുകയും ചെയ്തു.

Related posts