ട്രോളി…ട്രോളി കുമ്മനത്തെയും മോദിയെയും ബിജെപിയെയും ജയിപ്പിക്കരുത്; സൈബര്‍ പോരാളികള്‍ക്ക് ഇടതു നേതാക്കളുടെ കര്‍ശന നിര്‍ദ്ദേശം…

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ശക്തിപ്രാപിച്ചതോടെ എങ്ങും ട്രോളുകളുടെ ബഹളമാണ്. തിരഞ്ഞടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയനേതാക്കള്‍ക്കെതിരേ രസകരമായ ട്രോളുകളാണ് വന്നു കൊണ്ടിരിക്കുന്നത്. സമീപകാലത്ത് ഏറ്റവുമധികം ട്രോളിനുവിധേയമായ വ്യക്തികളിലൊരാളാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. ഇടതുപക്ഷ സൈബര്‍ പോരാളികളാണ് കുമ്മനത്തെ ട്രോളാന്‍ മുന്‍പന്തിയില്‍ നിന്നിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ട്രോളി ട്രോളി കുമ്മനത്തെയും ബിജെപിയെയും വിജയിപ്പിക്കരുതെന്ന നിര്‍ദ്ദേശമാണ് ഇടതു ട്രോളന്മാര്‍ക്ക് ഇടതു നേതാക്കന്‍മാര്‍ നല്‍കിയിരിക്കുന്നത്.

ചിരിയും ചിന്തയും ഒരുപോലെ പങ്കു വെയ്ക്കാന്‍ കഴിയുന്ന ആധുനിക കാലത്തെ ഏറ്റവും വലിയ വിമര്‍ശനമാണെങ്കിലും ട്രോളുകളില്‍ നിന്നും നരേന്ദ്രമോഡിയേയും കുമ്മനത്തെയും ഒഴിവാക്കാന്‍ ഇടതു സോഷ്യല്‍മീഡിയാ വിഭാഗത്തിന്റെ നിര്‍ദേശം. ഇതിലൂടെ അവര്‍ക്ക് കിട്ടുന്ന പ്രചാരമാണ് പ്രശ്‌നം. കുമ്മനത്തേയും മോദിയേയും സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി വരുമെന്ന ഭയം സിപിഎമ്മിനുണ്ട്.

ഗവര്‍ണ്ണര്‍ സ്ഥാനം രാജിവച്ചാണ് കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കാന്‍ എത്തുന്നത്. ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ടോളുകള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ നെഗറ്റീവ് പബ്ലിസിറ്റി പോലും ബിജെപിക്ക് കേരളത്തില്‍ വളരാനുള്ള സാഹചര്യം ഒരുക്കുന്നുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ടാണ് കുമ്മനത്തേയും മോദിയേയും ട്രോളുന്ന പോസ്റ്റുകള്‍ ഇടത് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കരുതന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

‘നമ്മുടെ സോഷ്യല്‍ മീഡിയ സ്‌പേസ് ബി.ജെ.പിയുടെ പബ്ലിസിറ്റിക്കു വേണ്ടി ഉപയോഗിക്കാതിരിക്കുക. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ കഴിഞ്ഞ കാലം ബിജെപിക്കുണ്ടായ വളര്‍ച്ച രാഷ്ട്രീയം നിരീക്ഷിച്ചാല്‍ മനസിലാകും’ എന്നതാണ് ഇടതുസോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.ശബരിമല വിഷയം നേരിയ രീതിയിലെങ്കിലും ജനങ്ങളില്‍ ബിജെപിക്കുള്ള സ്വാധീനം വളര്‍ത്തിയെടുത്തിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ ഇത് ബിജെപിക്ക് അനുകൂലമായി വരാന്‍ സാധ്യതയുണ്ട്.

ഏപ്രില്‍ 23 നടക്കുന്ന തിരഞ്ഞെടുപ്പ് കേരളത്തിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കും. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലമാണ് തിരുവനന്തപുരം. അതുകൊണ്ടു തന്നെയാണ് ഗവര്‍ണര്‍ സ്ഥാനം രാജിവെപ്പിച്ച് കുമ്മനത്തെ മത്സരിപ്പിക്കുന്നത്. കുമ്മനത്തിന്റെ വരവ് ബിജെപി പ്രവര്‍ത്തകരിലും നേതാക്കളിലും ആവേശം നിറച്ചിരിക്കുകയാണ്.

Related posts