എല്‍ഡിഎഫ് കേരളത്തില്‍ തകര്‍ന്നടിയും, യുഡിഎഫ് സീറ്റുകള്‍ തൂത്തുവാരും, മോദി വീണ്ടും പ്രധാനമന്ത്രിയാകും, കോണ്‍ഗ്രസ് സീറ്റുകള്‍ വര്‍ധിപ്പിക്കും, സീവോട്ടറിന്റെ പുതിയ തെരഞ്ഞെടുപ്പ് സര്‍വേയില്‍ പറയുന്നതിങ്ങനെ

രാജ്യം പൊതുതെരഞ്ഞെടുപ്പ് ചൂടിലേക്ക് അമര്‍ന്നതോടെ വിവിധ അഭിപ്രായസര്‍വേകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയതായി വന്നത് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സിക്കു വേണ്ടി സീവോട്ടര്‍ നടത്തിയതാണ്. മുന്‍കാലങ്ങളില്‍ വിശ്വസനീയ സര്‍വേകള്‍ നടത്തിയിട്ടുള്ള സീവോട്ടര്‍ പറയുന്ന കണക്കുകള്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ചങ്കിടിപ്പ് കൂട്ടുന്നത്.

ആദ്യം കേരളത്തിലെ കാര്യമെടുക്കാം. 20 സീറ്റുള്ള സംസ്ഥാനത്ത് സിപിഎം നയിക്കുന്ന എല്‍ഡിഎഫ് തകര്‍ന്നടിയുമെന്നാണ് സര്‍വേ പറയുന്നത്. കേവലം 5-6 സീറ്റുകളില്‍ ഇടതുപക്ഷം ഒതുങ്ങും. ഇതില്‍തന്നെ പല സീറ്റുകളിലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനാല്‍ ഫലം വീണ്ടും മാറാം.

കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് മുന്നണി 14 സീറ്റ് നേടുമെന്നാണു പ്രവചനം. സിപിഎം നയിക്കുന്ന എല്‍ഡിഎഫ് ആറു സീറ്റിലൊതുങ്ങും. ബിജെപിക്കു ഇത്തവണയും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ പോലുമാകില്ല. ഇരുമുന്നണികളും തമ്മിലുള്ള വോട്ട് വ്യത്യാസം വലിയതോതില്‍ വര്‍ധിക്കുമെന്നും സര്‍വേ പറയുന്നു.

കേന്ദ്രത്തിലേക്ക് വരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും നേരിയ സന്തോഷം പകരുന്നതാണ് സര്‍വേ. കഴിഞ്ഞ തവണത്തേ പോലെ കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് കിട്ടില്ലെന്നും എന്‍ഡിഎ സഖ്യം ഭരണം നിലനിര്‍ത്തും. എന്‍ഡിഎ 300 സീറ്റ് നേടും. 80 സീറ്റുള്ള ഉത്തര്‍പ്രദേശ് തന്നെയാകും കേന്ദ്രത്തില്‍ ആരു ഭരിക്കണമെന്നതില്‍ നിര്‍ണായകമാവുക. ബിജെപിക്ക് തനിച്ച് 220-230 സീറ്റുകള്‍ നേടും. കേവലഭൂരിപക്ഷത്തിലേക്ക് 40ലേറെ സീറ്റിന്റെ കുറവ്.

ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ മഹാസഖ്യം രൂപപ്പെട്ടില്ലെങ്കില്‍ എന്‍ഡിഎ 307, യുപിഎ 139, മറ്റുള്ളവര്‍ 97 സീറ്റുകളാണു നേടുക. ബിജെപി ഒറ്റയ്ക്ക് 220 സീറ്റ് നേടും. മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ക്ക് 44 സീറ്റും ലഭിക്കും. തിരഞ്ഞെടുപ്പിനുശേഷം വൈഎസ്ആര്‍ കോണ്‍ഗ്രസ്, എംഎന്‍എഫ്, ബിജെഡി, ടിആര്‍എസ് എന്നീ പാര്‍ട്ടികളുടെ പിന്തുണ കിട്ടിയാല്‍ എന്‍ഡിഎയുടെ സീറ്റെണ്ണം 301ല്‍ എത്തും.

യുപിഎയില്‍ കോണ്‍ഗ്രസ് 86, മറ്റുള്ളവര്‍ 55 സീറ്റും നേടുമെന്നാണു പ്രതീക്ഷ. തിരഞ്ഞെടുപ്പിനുശേഷം എഐയുഡിഎഫ്, എല്‍ഡിഎഫ്, മഹാസഖ്യം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയുമായി സഖ്യമുണ്ടാക്കാനായാല്‍ യുപിഎ 226 സീറ്റിലേക്ക് ഉയരും. യുപിയില്‍ മഹാസഖ്യമുണ്ടെങ്കില്‍ ബിജെപിയുടെ സീറ്റുകള്‍ 71ല്‍നിന്ന് 29ലേക്കു കൂപ്പുകുത്തും. മഹാസഖ്യമില്ലെങ്കില്‍ ബിജെപി 72 സീറ്റു നേടും.

അതേസമയം, മോദിയുടെ ജനപ്രീതി കഴിഞ്ഞ അഞ്ച് മാസത്തിനിടെ വര്‍ധിച്ചതായി സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. മുന്‍കാലങ്ങളേക്കാള്‍ നില മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇനിയും മുന്നേറാന്‍ ഉണ്ടെന്നും ഒരു ദേശീയ മാദ്ധ്യമം നടത്തിയ സര്‍വേയില്‍ പറയുന്നു. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്കിടയിലും പട്ടികജാതി വിഭാഗത്തിനിടയിലും രാഹുല്‍ ഗാന്ധിക്ക് ജനപ്രീതി കൂടുതലാണെന്നും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്.

Related posts