വെള്ളപ്പൊക്ക ഭീഷണിയെത്തുടര്‍ന്ന് ഫയലുകള്‍ മാറ്റിവയ്ക്കാന്‍ ഭര്‍ത്താവിനൊപ്പം രാത്രിയില്‍ ഓഫീസിലെത്തി ! സദാചാര പോലീസ് ചമഞ്ഞ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രാഷ്ട്രീയ നേതാക്കള്‍ പിടിയില്‍…

വെള്ളപ്പൊക്ക ഭീഷണിയെത്തുടര്‍ന്ന് ഫയലുകള്‍ മാറ്റിവെയ്ക്കാന്‍ രാത്രിയില്‍ ഭര്‍ത്താവിനൊപ്പം ഓഫീസില്‍ എത്തിയ യുവതിയെ സദാചാര പൊലീസ് ചമഞ്ഞ് പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ പിടിയിലായി. പിടിയിലായവര്‍ സിപിഎം നേതാക്കളാണെന്നാണ് വിവരം. പരുമല തിക്കപ്പുഴ പാലച്ചുവട് മുന്‍ലോക്കല്‍ സെക്രട്ടറിയും ഇപ്പോള്‍ ലോക്കല്‍ കമ്മറ്റിയംഗവുമായ ഹരികുമാര്‍ (56), പാലച്ചുവട് ബ്രാഞ്ച് സെക്രട്ടറി അനൂപ് (41) എന്നിവരാണ് പോലീസ് പിടിയിലായത്. ഭാര്യയെ അപമാനിക്കുന്നത് തടയാന്‍ ചെന്ന ഭര്‍ത്താവിനെയും ഇവര്‍ കൈയ്യേറ്റം ചെയ്തു. യുവതിയുടെ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ 341, 427, 323, 354, ഐ.പി.സി 34 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

ഇന്നലെ വൈകിട്ട് ആറിനായിരുന്നു പരുമല കോളേജില്‍ ആയിരുന്നു സംഭവം നടന്നത്. കോളേജ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ മാന്നാര്‍ സ്വദേശിനിയായ ജീവനക്കാരിയാണ് അപമാനിക്കപ്പെട്ടത്. പ്രളയത്തെ തുടര്‍ന്ന് സ്ഥാപനത്തില്‍ വെള്ളം കയറിയതറിഞ്ഞ് ഓഫീസ് രേഖകള്‍ ഭദ്രമാക്കി വെക്കാന്‍ ഭര്‍ത്താവുമൊന്നിച്ച് സ്‌കൂട്ടറില്‍ എത്തിയതാണ് യുവതി. ഇതിനിടെ കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണില്‍ പ്രതികള്‍ അടങ്ങുന്ന സംഘം മദ്യപിക്കുന്നത് ദമ്പതികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു, ഇത് ഗൗനിക്കാതെ ഓഫീസിന്റെ താഴ് തുറന്ന് അകത്തു കയറി ഫയലുകള്‍ ഭദ്രമാക്കി വെച്ച് അര മണിക്കൂറിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് രണ്ടംഗ സംഘം ദമ്പതികള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത്.

കെട്ടിടത്തിനകത്തു ഇത്രനേരം എന്തായിരുന്നു പണിയെന്നും, തണുപ്പും മഴയും ആസ്വദിക്കാന്‍ എത്തിയതാണോ എന്നും ചോദിച്ചായിരുന്നു ഇവരുടെ ആക്രമണം. യുവതി കയര്‍ത്തു സംസാരിച്ചതോടെ യുവതിയെ കയറി പിടിക്കുകയും ഇത് തടുക്കാനൊരുക്കിയ ഭര്‍ത്താവിനെ സംഘം മര്‍ദിക്കുകയുമായിരുന്നു. ഇവരുടെ സ്‌കൂട്ടര്‍ സംഘം ചവിട്ടിമറിച്ചിട്ടു. സംഭവം വഷളായതോടെ ദമ്പതികള്‍ അലറിക്കരഞ്ഞു. ഇതോടെ സംഭവം കണ്ടു നിന്നിരുന്ന ചിലര്‍ മാന്നാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ മാന്നാര്‍ സിഐ ജോസ് മാത്യുവിനെയും കൂടെയുണ്ടായിരുന്ന പോലീസുകാരെയും വിരട്ടിയോടിക്കാനും സംഘം ശ്രമിച്ചു.

ആഭ്യന്തര വകുപ്പ് ഞങ്ങളുടെ കൈയിലാണെന്നന്നും കൂടുതല്‍ കളിച്ചാല്‍ വിവരമറിയുമെന്നുമായിരുന്നു വിരട്ട്. ഇരുവരെയും പിടിച്ച് ജീപ്പില്‍ കയറ്റാനൊരുങ്ങവെയാണ് സംഘം സി.ഐയെയും കൂടെയുണ്ടായിരുന്ന പോലീസുകാരനെയും അക്രമിച്ചത്. തുടര്‍ന്ന് സി ഐ പുളിക്കീഴ് പോലീസിനെ വിവരമറിയിക്കുകയും കൂടുതല്‍ പോലീസ് സംഘമെത്തി ബലപ്രയോഗത്തിലൂടെ പ്രതികളെ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

Related posts