പത്മകുമാര്‍ ഇനി ദേവസ്വംബോര്‍ഡിന്റെ ഒരു കാര്യത്തിലും ഇടപെടില്ല ! അധ്യാപക നിയമന അഴിമതി, അരവണയ്ക്ക് കണ്ടെയ്‌നര്‍ അഴിമതി എന്നിങ്ങനെ പ്രസിഡന്റിനെ പൂട്ടാന്‍ സകല ആയുധങ്ങളും തയ്യാറാക്കി പാര്‍ട്ടി…

തിരുവനന്തപുരം: സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ഇഷ്ടങ്ങള്‍ക്കു വിരുദ്ധമായുള്ള പ്രസ്താവനകള്‍ നടത്തുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് കൂച്ചുവിലങ്ങിടാനുള്ള സമഗ്രപദ്ധതിയുമായി പാര്‍ട്ടി. അധ്യാപക നിയമന അഴിമതി, അരവണയ്ക്ക് കണ്ടെയ്നര്‍ വാങ്ങിയതിലെ ക്രമക്കേട് തുടങ്ങിയ ആയുധങ്ങളാണ് പത്മകുമാറിനെതിരേ പ്രയോഗിക്കാനായി പാര്‍ട്ടി കരുതി വച്ചിരിക്കുന്നത എന്നാണ് വിവരം. ഇതുപയോഗിച്ച് പത്മകുമാറിനെ പാര്‍ട്ടിയുടെ വിനീത വിധേയനാക്കാമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഒരു കാര്യത്തിലും ഇനി പ്രസിഡന്റ് എ.പത്മകുമാര്‍ കാര്യമായി ഇടപെടില്ലയെന്ന കാര്യവും ഏകദേശം ഉറപ്പായിട്ടുണ്ട്. പ്രസിഡന്റിനെ കുടുക്കാനുള്ള സുപ്രധാന രേഖകള്‍ ബോര്‍ഡിലെ ഒരു ഉന്നതന്റെ കൈയിലാണുള്ളതെന്നും ഇവയില്‍ ചിലത് സിപിഎം നേതൃത്വത്തിനു കൈമാറിയിട്ടുണ്ടെന്നും ഇതോടെ ബോര്‍ഡിന്റെ തീരുമാനങ്ങളില്‍ ഇനി പ്രസിഡന്റ് കൈ കടത്തില്ലെന്നും ഉറപ്പായി.

ദേവസ്വം ബോര്‍ഡ് കോളജുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വന്‍ അഴിമതിക്കു പുറമേ ശബരിമലയില്‍ അരവണയ്ക്കു കണ്ടെയ്നര്‍ വാങ്ങിയതിലെ ക്രമക്കേട് അടക്കം നിരവധി തെളിവുകള്‍ പാര്‍ട്ടി നേതൃത്വത്തിനു ബോര്‍ഡ് ഉന്നതന്‍ കൈമാറിക്കഴിഞ്ഞുവെന്നാണ് സൂചന. ക്രമവിരുദ്ധ സ്ഥലമാറ്റവും സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും നേതൃത്വത്തിനു കൈമാറിയിട്ടുണ്ട്. പാര്‍ട്ടി തെരഞ്ഞെടുപ്പു ചര്‍ച്ചകളിലേക്കു കടന്നതിനാല്‍ ഇവ ഉടന്‍ പുറത്തെടുക്കില്ല. പക്ഷേ, പത്മകുമാറിന് ഇവയുമായുള്ള ബന്ധം പാര്‍ട്ടിതലത്തില്‍ അന്വേഷിക്കും. രേഖകള്‍ ആരും കൈമാറിയിട്ടില്ലെന്ന് നേതാക്കളും ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നു പത്മകുമാറും പറയുന്നുമുണ്ട്.

അതേസമയം, തെളിവുകള്‍ സഹിതം വിജിലന്‍സിനെ സമീപിക്കാനുള്ള നീക്കം മറുവശത്ത് സജീവമാണ്. അങ്ങനെ വന്നാല്‍ കാലാവധി കഴിഞ്ഞാലും ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ടുള്ള വിജിലന്‍സ് കേസുകളുടെ പരമ്പരയാകും പത്മകുമാറിനെ കാത്തിരിക്കുന്നത്. ഇരമല്ലിക്കര എന്‍ജിനീയറിങ് കോളജ്, തലയോലപ്പറമ്പ് ഡി.ബി കോളജ് എന്നിവിടങ്ങളിലെ നിയമനങ്ങളില്‍ വന്‍ അഴിമതിയുണ്ടെന്ന ആരോപണം ശക്തമാണ്. ഇക്കാര്യങ്ങള്‍ തെളിവുകള്‍ സഹിതം അടുത്തിടെ സ്ഥാനമൊഴിഞ്ഞ ഒരു ദേവസ്വം ബോര്‍ഡംഗം മുഖേന ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചയ്ക്ക് സമര്‍പ്പിച്ചു. എന്നാല്‍, ബോര്‍ഡിലെതന്നെ ഒരു ഉദ്യോഗസ്ഥ മുഖേന ഇത് ഒതുക്കിയെന്നും വിവരമുണ്ട്.

പത്മകുമാര്‍ പ്രസിഡന്റായശേഷം ബോര്‍ഡിന്റെ പ്രവര്‍ത്തനം നേരാംവണ്ണമല്ലെന്നു ദേവസ്വം കമ്മിഷണര്‍ എന്‍. വാസു സി.പി.എം. നേതൃത്വത്തെ ധരിപ്പിച്ചതായി സൂചനകള്‍ പുറത്തുവരുന്നുണ്ട്. പത്മകുമാര്‍ രാഷ്്രടീയ എതിരാളികളുമായി സമ്പര്‍ക്കം പുലര്‍ത്തുവെന്ന സംശയം സി.പി.എം നേതാക്കള്‍ക്കിടയില്‍ ശക്തമാണ്. അതുകൊണ്ടുതന്നെ കാലാവധി അവസാനിച്ചാല്‍ പാര്‍ട്ടി പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍നിന്നു സ്ഥാനചലനം ഏതാണ്ട് ഉറപ്പാണ്. ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവന പാടില്ലെന്നു പത്മകുമാറിനു സി.പി.എം കര്‍ശന നിര്‍ദേശവും നല്‍കിക്കഴിഞ്ഞു.രാഷ്്രടീയമായി ലഭിച്ച സ്ഥാനത്തിരുന്ന് പാര്‍ട്ടിക്കു വിധേയനായി പ്രവര്‍ത്തിക്കണമെന്ന കര്‍ശന നിര്‍ദേശമാണു പാര്‍ട്ടി പത്മകുമാറിനു നല്‍കിയിരിക്കുന്നത്. എന്തായാലും ദേവസ്വംബോര്‍ഡില്‍ പത്മകുമാറിന്റെ ഭാവി അത്ര ശോഭനമായിരിക്കില്ല എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Related posts