ബംഗളൂരുവിന്റെ ഭംഗിയും കാലാവസ്ഥയും പലപ്പോഴായി ജനഹൃദയങ്ങളെ കീഴടക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോഴുള്ള കാലാവസ്ഥ വ്യതിയാനങ്ങളും വർധിച്ചു വരുന്ന ചൂടും ജീവിതം ദുസഹമാക്കിയിരിക്കുന്നു.
ബംഗളൂരുവിലെ ചൂട് കാരണം വീടിനുള്ളിൽ വച്ചിരുന്ന ക്രയോണുകൾ ഉരുകിപോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത് വൈറലായി.
ഗീത ശ്രീ നാഗരാജ് എന്ന യുവതിയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല, ബംഗളൂരുവിൽ എത്രമാത്രം ചൂടാണ് എന്ന അടികുറപോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്.
വർഷങ്ങളായി ബംഗളൂരുവിൽ താമസിക്കുന്ന തനിക്ക് ഇതാദ്യമായാണ് വീടിനുള്ളിൽ ഇത്ര ചൂടനുഭവപ്പെടുന്നതെന്നും, മേശപ്പുറത്ത് ഓംലെറ്റ് ഉണ്ടാക്കാൻ പാകത്തിനു ചൂട് ഉണ്ടെന്നും തമാശരൂപത്തിൽ പറഞ്ഞു.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചതോടെ പലരും സമാന അനുഭവങ്ങളും കമന്റുകളായി രേഖപ്പെടുത്തി. ബംഗളൂരുവിന്റെ പഴയ ഭംഗിയും തണുത്ത കാലാവസ്ഥയും സുഖകരമായ വേനൽക്കാലവും ഇന്നു ഓർമയായി മാറിയോ എന്ന പലരും ആശങ്ക രേഖപ്പെടുത്തി.
ബാൽക്കണികളിലും ടെറസിലും ചെടികൾ നട്ടുപിടിക്കുന്നതും അതുപോലെയുള്ള ചെറിയ പരിസ്ഥിതി സൗഹൃദ ഇടപെടലുകൾ നടത്തണം എന്നുള്ള പല നിർദേശങ്ങളും കമന്റ് ബോക്സിൽ നിറഞ്ഞു.
