എന്തിനു കൊന്നു? തിരുവനന്തപുരം തൊപ്പിചന്തയില്‍ വൃദ്ധയെ വെട്ടിക്കൊന്നു; അയല്‍വാസിയായ യുവാവ് പോലീസ് കസ്റ്റഡിയില്‍

crimeചിറയിന്‍കീഴ്: കടയ്ക്കാവൂര്‍ തൊപ്പിചന്തക്ക് സമീപം വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്ന വൃദ്ധയെ  വെട്ടിക്കൊന്നു.  സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കടയ്ക്കാവൂര്‍ തൊപ്പിചന്ത പാലാംകോണം ചരുവിള പുത്തന്‍വീട്ടില്‍ ശാരദ(70)യാണ് വെട്ടേറ്റ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. വീട്ടിനകത്ത് വെട്ടേറ്റ് രക്തത്തില്‍ കുളിച്ച് കിടന്ന വൃദ്ധയെ നാട്ടുകാരും പോലീസും ചേര്‍ന്ന് ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശവാസിയായ യുവാവിനെ കടയ്ക്കാവൂര്‍ സിഐ. ജി.ബി.മുകേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. വൃദ്ധയുടെ വീട്ടില്‍ നിന്നും രക്തം പുരണ്ട വെട്ടുകത്തി പോലീസ് കണ്ടെടുത്തു. കസ്റ്റഡിയിലായ യുവാവ് നിരവധി വെട്ടുകേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. കൊലപാതക കാരണം പോലീസ് അന്വേഷിക്കുകയാണ്. യുവാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കടയ്ക്കാവൂര്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൃദ്ധയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

Related posts