ടെലിഫിലിം സംവിധായകന്റെ കൊലപാതകം: പ്രതി പിടിയില്‍

fb-sanjai-kolarrest

പേരൂര്‍ക്കട: ടെലിഫിലിം സംവിധായകന്റെ കൊലപാതകവുമായ ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഷാഡോ ടീം പിടികൂടി.   കുന്നുകുഴി പയനിയര്‍ കോട്ടേജില്‍ സൈബിന്‍ ജോണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും കുന്നുകുഴി സ്വദേശിയുമായ സഞ്ജു സുന്ദരേശ (32) നെയാണ് ഷാഡോ ടീമും മ്യൂസിയം പോലീസും ചേര്‍ന്ന് പിടികൂടിയത്.    കഴിഞ്ഞ മാര്‍ച്ച് 22ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കുന്നുകുഴി ആര്‍.സി ജംഗ്ഷനില്‍ ബൈക്കില്‍ വരികയായിരുന്ന സൈബിനെയും ജ്യേഷ്ഠന്‍ ജെയ്‌സനെയും തടഞ്ഞുനിര്‍ത്തി സഞ്ജുവിന്റെ കൂട്ടാളി സഞ്ജയ്‌വര്‍മയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു.

തടിക്കഷണങ്ങള്‍ കൊണ്ടുള്ള അടിയില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സൈബിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെനിന്ന് സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഏപ്രില്‍ 25നായിരുന്നു മരണം. സൈബിന്‍ ജോണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ 10 ഓളം പ്രതികളുണ്ട്.   ഇതില്‍ ഒന്നാം പ്രതി സഞ്ജയ് വര്‍മ്മ ഉള്‍പ്പടെ മോഹന്‍, അരുണ്‍ ബാബു, റോബിന്‍, കിഷോര്‍ ഗബ്രിയേല്‍, സിബി സ്റ്റാന്‍ലി, ജിംസി എന്ന രാജ്കുമാര്‍ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

സംഭവത്തിനുശേഷം ഒളിവില്‍പ്പോയ സഞ്ജുവിനെ മൊബൈല്‍ ടവര്‍കേന്ദ്രീകരിച്ചും മറ്റും നടത്തിയ അന്വേഷണത്തിലാണ് ഉള്ളൂര്‍ ഭാഗത്ത് ഒളിവില്‍ക്കഴിയവെയാണ് അറസ്റ്റുചെയ്തത്.    സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം എ.സി സുരേഷ്കുമാര്‍, മൂസിയം സി.ഐ അനില്‍കുമാര്‍ എസ്‌ഐ സനല്‍ എന്നിവരും ഷാഡോ ടീമിലെ വിദഗ്ധസംഘവും ചേര്‍ന്നു പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related posts