പത്തനംതിട്ട: വീട്ടുവഴക്കിനെത്തുടർന്ന് അഞ്ചു വയസുള്ള മകളെ കനാലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോന്നി കൂടല്‍ പാലമല ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ ഷിജു (41) നെയാണ് കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം.
ലഹരിക്കടിമയായ ഇയാൾ വീട്ടില്‍ ഭാര്യയുമായി കലഹിച്ച് തന്റെ അഞ്ചുവയസുള്ള മകളെയും കൊണ്ട് മരിക്കാന്‍ പോകുകയാണെന്നു പറഞ്ഞ് പുറത്തേക്കു പോയി. തുടർന്ന് വീടിനു സമീപത്തുള്ള കനാലിലേക്ക് ഇയാൾ കുട്ടിയെ വലിച്ചെറിയുകയായിരുന്നു.
സംഭവസമയം അവിടെ കൂടിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. തുടര്‍ന്ന് കൂടല്‍ പോലീസ് സ്റ്റേഷനില്‍ കുട്ടിയുടെ അമ്മ പരാതി നല്കി.
ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തിയ പോലീസ് സംഘം ഷിജുവിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
