സ്ത്രീയെന്ന് പരിചയപ്പെടുത്തിയതോടെ പിന്നെ സര്‍വ നേരവും ചാറ്റിംഗായി ! ഒടുവില്‍ ആശിച്ച് മോഹിച്ച് നേരില്‍ കാണാനെത്തിയപ്പോള്‍ സ്വീകരിച്ചത് പോലീസും;പിടികിട്ടാപ്പുള്ളിയെ കുടുക്കാന്‍ പോലീസ് പയറ്റിയത് ‘ഓപ്പറേഷന്‍ അശ്വതി അച്ചൂസ്’തന്ത്രം…

തൊടുപുഴ:വര്‍ഷങ്ങളായി പിടികിട്ടാപ്പുള്ളിയായി കഴിഞ്ഞ പ്രതിയെ പോലീസ് കുടുക്കിയത് ഓപ്പറേഷന്‍ അശ്വതി അച്ചൂസിലൂടെ. ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് രൂപീകരിച്ച ശേഷം സ്ത്രീയെന്ന വ്യാജേന പ്രതിയുമായി പോലീസ് ബന്ധപ്പെടുകയായിരുന്നു. പിന്നീട് ചാറ്റിംഗിലൂടെ ഇയാളെ വലയിലാക്കിയ പോലീസ് ഒടുവില്‍ നേരില്‍ കാണുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയായിരുന്നു. വളരെ ആശിച്ച് ഫേസ്ബുക്ക് കാമുകിയെ കാണാനെത്തിയ ഇയാളെ പോലീസ് വലയിലാക്കുകയും ചെയ്തു.

ജാമ്യത്തിലിറങ്ങി മുങ്ങി തൊടുപുഴ ചുങ്കം കാഞ്ഞിരത്തിങ്കല്‍ അലക്‌സ് കുര്യനെയാണ് ഹണിട്രാപ്പിലൂടെ പോലീസ് പിടികൂടിയത്. സ്ത്രീയെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിച്ചശേഷം വയനാട്ടിലെത്തി പോലീസ് സംഘം പ്രതിയെ വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു.2006 മുതല്‍ അലക്‌സ് തൊടുപുഴ, കരിങ്കുന്നം പൊലീസ് സ്‌റ്റേഷനില്‍ വിവിധ മോഷണക്കേസുകളില്‍ പ്രതിയാണ്. 2010ല്‍ ജാമ്യമെടുത്ത് മുങ്ങിയ ഇയാള്‍ വയനാട്ടില്‍ എത്തി വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു.

കുറച്ചുനാള്‍ മുമ്പ് സമാനമായ മറ്റൊരു കേസിലെ പ്രതിയെ അന്വേഷിച്ച് പൊലീസ് എറണാകുളത്ത് എത്തി. ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പതിവായി വിളിക്കുന്ന മറ്റൊരാളെപറ്റി സംശയം ഉണ്ടായി. പിന്നീട് ഇത് അലക്‌സാണെന്ന് കണ്ടെത്തി. മൊബൈല്‍ നമ്പര്‍ വെച്ച് ഫേസ്ബുക്കില്‍ പരിശോധിച്ച് അലക്‌സിന്റെ അക്കൗണ്ട് പൊലീസ് നിരീക്ഷിച്ചു.പിന്നീട് ഫേസ്ബുക്ക് മെസഞ്ചര്‍ വഴി ഇടുക്കി സൈബര്‍ സെല്‍ വിദഗ്ധര്‍ ഇയാളുമായി സ്ത്രീയെന്ന് പരിചയപ്പെടുത്തി ചങ്ങാത്തം സ്ഥാപിച്ചു. വയനാട്ടിലെത്തി വിളിച്ചുവരുത്തിയാണ് ഇയാളെ പിടികൂടിയത്.

Related posts