ചെന്നൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും ആരാധകരുള്ള ടീമുകളില്‍ ഒന്നായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്ലബ്ബിന്റെ ഹാള്‍ ഓഫ് ഫെയിം പ്രഖ്യാപിച്ചു. സിഎസ്കെ റോര്‍ എന്ന പരിപാടിയില്‍വച്ചായിരുന്നു പ്രഖ്യാപനം. മുന്‍താരങ്ങളായ സുരേഷ് റെയ്ന, ഓസ്ട്രേലിയക്കാരന് മാത്യു ഹെയ്ഡന് എന്നിവരെ 2026 ഐപിഎല്ലിനു മുന്നോടിയായി നടന്ന ചടങ്ങിൽ ഹാള്‍ ഓഫ് ഫെയിം നല്കി സിഎസ്കെ ആദരിച്ചു.
ചിന്നത്തല എന്നറിയപ്പെട്ട റെയ്ന, ഐപിഎല്ലിന്റെ എക്കാലത്തെയും ടോപ് സ്കോറര്‍ പദവില്‍ അഞ്ചാം സ്ഥാനക്കാരനാണ്. 205 മത്സരങ്ങളില്‍നിന്ന് 5528 റണ്‍സ് റെയ്ന സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറി (33) എന്ന റിക്കാര്‍ഡിനും ഉടമയാണ് റെയ്ന. ഐപിഎല്‍ നേടിയ 2010, 2011, 2018, 2021 വര്‍ഷങ്ങളില്‍ റെയ്ന സിഎസ്കെയുടെ ഭാഗമായിരുന്നു.
സിഎസ്കെയുടെ ആദ്യ മൂന്നു സീസണില്‍ മാത്യു ഹെയ്ഡന് കളിച്ചു. 32 ഐപിഎല്‍ മത്സരങ്ങളില്‍നിന്ന് 1107 റണ്‍സ് നേടി. 2009 എഡിഷനില്‍ ടോപ് സ്കോററിനുള്ള (12 ഇന്നിംഗ്സില്‍ 572 റണ്‍സ്) ഓറഞ്ച് ക്യാപ് സ്വന്തമാക്കി.
