കോഴിക്കോട്: സൈബർ തട്ടിപ്പ് വ്യാപകമാകുന്നതിൽ കർശന നടപടികളുമായി കേരള പോലീസ്. ജില്ലയിൽ വിവിധ കേസുകളിലായി നഷ്ടപ്പെട്ടതിൽ 6,60,62,184 രൂപ പോലീസ് സൈബർ വിഭാഗം ഇതിനകം തിരിച്ചുപിടിച്ചു.
തട്ടിപ്പുകാരുടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. സ്മാർട്ട് ഫോണുകളും സിം കാർഡുകളും ബ്ലോക്ക് ചെയ്തു. രണ്ട് വർഷത്തിനിടെ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് 2401 പരാതിയാണ് ജില്ലയിൽ ലഭിച്ചത്. 2024ൽ 1745 പരാതിയും ഈ വർഷം മാർച്ച് 31 വരെ 656 പരാതിയും ലഭിച്ചു. 45,11,46,325 രൂപയാണ് ആകെ നഷ്ടമായത്.
2024ൽ 39,12,59,670 രൂപയും ഈ വർഷം മാർച്ച് 31 വരെ 5,98,86,655 രൂപയും നഷ്ടമായി. സമൂഹമാധ്യമ പ്രൊഫൈലുകൾ, വ്യാജ വെബ്സൈറ്റ്, വ്യാജ കോളുകൾ തുടങ്ങി വിവിധ തട്ടിപ്പിലൂടെയാണ് ആളുകൾക്ക് പണം നഷ്ടമായത്. തട്ടിപ്പ് സംഘങ്ങളുടെ വിവിധ അക്കൗണ്ട് മരവിപ്പിച്ചതിലൂടെ 2024ൽ 5,34,41,344 രൂപയും 2025 മാർച്ച് 31 വരെ 1,26,20,840 രൂപയും പോലീസ് തിരിച്ചുപിടിച്ചു.
വിവിധ തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടമാകുന്നത് തടയിടാൻ സൈബർ പോലീസിന്റെ നേതൃത്വത്തിൽ സൈബർ വാൾആപ് പുറത്തിറക്കാനുള്ള പദ്ധതിയുമുണ്ട്. ഫോൺ നമ്പറുകളും വെബ്സൈറ്റുകളും മറ്റും വ്യാജമാണോയെന്ന് ഉപയോക്താക്കൾക്കുതന്നെ പരിശോധിച്ച് ഉറപ്പാക്കാനുള്ള സൗകര്യം ഇതിലുണ്ടാകും.
നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെയാകും ഇത്. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിക്കുന്നതും തട്ടിപ്പ് കൂടാൻ കാരണമായി.
- സ്വന്തം ലേഖകന്