പഴയങ്ങാടി: മാട്ടൂലിൽ യുവാവിനു സമീപമെത്തി ഫോൺ നന്പർ ചോദിച്ചയാൾ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു.മാട്ടൂൽ നോർത്ത് സിദ്ദിഖാബാദ് സ്വദേശി ഹിബത്തുള്ളയ്ക്കാണ് (34) കുത്തേറ്റത്. ശരീരത്തിൽ വിവിധയിടങ്ങളിലായി കുത്തേറ്റു വീണ ഹിബത്തുള്ളയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ഇന്നു പുലർച്ചെ 12 ഓടെയായിരുന്നു സംഭവം. മാട്ടൂൽ നോർത്ത് കാവിലെപറന്പ് സ്വദേശി സി.കെ. റസാഖാണ് (26) കുത്തിപ്പരിക്കേൽപ്പിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. റസാഖ് ഹിബത്തുള്ളയ്ക്ക് സമീപമെത്തി ഫോൺ നന്പർ ചോദിച്ചപ്പോൾ ഹിബത്തുള്ള നൽകിയില്ല.
ഇതോടെ പ്രകോപിതനായി കത്തികൊണ്ട് കുത്തുകയായിരുന്നു. നാട്ടുകാർ ഇയാളെ പിടികൂടി പഴയങ്ങാടി പോലീസിൽ ഏൽപ്പിച്ചെങ്കിലും പോലീസ് പിന്നീട് വിട്ടയച്ചതായും നാട്ടുകാർ ആരോപിച്ചു.
നേരത്തെ റസാഖിനെ ഡി അഡിഷൻ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നു.ഇതിനു പിന്നിൽ പ്രവർത്തിച്ചത് ഹിബത്തുള്ളയാണെന്ന വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്നും പറയപ്പെടുന്നു.
