തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഇഡിയുടെ വ്യാപക പരിശോധന. കേരളം, തമിഴ്നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളിലാണ് ഒരേ സമയം പരിശോധന ആരംഭിച്ചത്. ഓപ്പറേഷൻ ഗോൾഡൺ ഷാഡോ എന്ന പേരിലാണ് റെയ്ഡ് നടത്തുന്നത്.
ഇന്നു പുലര്‍ച്ചെ ആറോടെയാണ് പരിശോധന തുടങ്ങിയത്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ മുഴുവന്‍ പ്രതികളുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന പുരോഗമിക്കുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നന്ദന്‍കോട്ടെ ആസ്ഥാനത്തും പരിശോധന പുരോഗമിക്കുകയാണ്.ഡല്‍ഹി. ചെന്നൈ, ബംഗളൂരു, കൊച്ചി യൂണിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കേന്ദ്രസേനയുടെ അകമ്പടിയോടെയാണ് ഇഡിയുടെ പരിശോധന തുടങ്ങിയത്. പണമിടപാടുകളുടെ രേഖകള്‍ ലഭിച്ചതിനെത്തുടർന്നു പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികള്‍ ഇഡി ആരംഭിച്ചിട്ടുണ്ട്.
സ്വര്‍ണക്കൊള്ളയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാട് നടന്നുവെന്നതിന്റെ തെളിവുകള്‍ ഇഡിക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് വ്യാപകമായ പരിശോധനക്ക് ഇഡി തുടക്കം കുറിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് പരിശോധനകള്‍ നടത്തുന്ന കാര്യത്തില്‍ ഇഡി അന്തിമ തീരുമാനമെടുത്തത്. അതീവ രഹസ്യമായാണ് മൂന്ന് സംസ്ഥാനങ്ങളിലെയുമുള്ള പ്രതികളുടെ വീടുകളിലും ഓഫീസുകളിലും വ്യാപക പരിശോധന നടത്താനുള്ള പദ്ധതി തയാറാക്കിയത്.
റെയ്ഡിനെതിരേ ചെറുത്ത് നില്‍പ്പ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷയ്ക്ക് കേന്ദ്രസേനയെ കൂടി നിയോഗിച്ചത്. സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ചെന്നൈയിലെയും ബംഗളൂരുവിലെയും ഓഫീസുകളിലും ബെല്ലാരിയിലെ ഗോവര്‍ധന്റെ വീട്ടിലും ജൂവലറിയിലും ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ കിളിമാനൂര്‍ കാരേറ്റുള്ള വീട്ടിലും മുന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന്റെ പേട്ടയിലെ വീട്ടിലും എ. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലും ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ മുരാരി ബാബുവിന്റെ ചങ്ങനാശേരിയിലെ വീട്ടിലും , മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായിരുന്ന വിജയകുമാര്‍, കെ.പി.ശങ്കര്‍ദാസ്, മുന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ്. ജയശ്രീയുടെ തിരുവല്ലയിലെ വസതി, ഉണ്ണികൃഷ്ണന് പോറ്റി പൂജ ചെയ്തിരുന്ന ബംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രം, ഉണ്ണികൃഷ്ണന് പോറ്റിയുടെ കോത്താരിയിലെ ഫ്ളാറ്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ എക്സി.ഓഫീസർ രാജേന്ദ്രപ്രസാദിന്റെ അങ്കമാലി കോതകുളങ്ങ രയിലെ വസതി എന്നിവിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. പരിശോധനയില്‍ പല നിര്‍ണായകമായ രേഖകളും ഇഡിക്ക് ലഭിച്ചതായാണ് ലഭിക്കുന്ന സൂചന.
പ്രതികള്‍ സംസ്ഥാനത്തിനു പുറത്ത് ഉള്‍പ്പെടെ വിവിധ തരത്തിലുള്ള ഇടപാടുകളും നടത്തിയിരുന്നുവെന്ന് സുപ്രധാന വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചിട്ടുണ്ട്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നന്ദനകോട്ടെ ആസ്ഥാനത്ത് ഇന്നു രാവിലെ എത്തിയ ഇഡി സംഘം ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഓഫീസുകള്‍ തുറന്നശേഷമാണ് പരിശോധന നടത്തിയത്. പൊതുമരാമത്ത് വിഭാഗത്തില്‍ ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
തങ്ങളുടെ അനുമതിയില്ലാതെ ആരും ഓഫീസില്‍ കടക്കരുതെന്ന് ഇഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ ആരെങ്കിലും രേഖകള്‍ കടത്താന്‍ സാധ്യതയുണ്ടെന്ന സംശയത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് അകത്തേക്ക് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിര്‍ദേശാനുസരണം ഇഡി കേസെടുത്തത്. നേരത്തെ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് രേഖകള്‍ ഇഡി ശേഖരിച്ചിരുന്നു.
പ്രതികള്‍ വ്യക്തിപരമായ സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് ശബരിമല സ്വര്‍ണക്കൊള്ള നടത്തിയതെന്നാണ് എസ്ഐടി കണ്ടെത്തിയിരുന്നത്. ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്പ്പങ്ങള് ഉള്‍പ്പെടെ സ്വര്‍ണത്തില്‍ നിര്‍മിച്ചതായിരുന്നു. പ്രതികള്‍ ഇതിലെ സ്വര്‍ണം വേര്തിരിച്ചെടുത്തെന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തല്‍. പാളികളുടെ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വിക്രം സാരഭായ് സ്പേസ് സെന്ററിലെ ഫോറന്‍സിക് വിദഗ്ധര്‍ ശബരിമലയിലെത്തി നിലവിലുള്ള പാളികളുടെ സാംപിളുകള്‍ ശേഖരിച്ച് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
യഥാര്‍ഥ പാളികള്‍ മാറ്റിയെന്നാണ് വിഎസ്എസ് സി ഫോറന്‍സിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തണമെന്നും ശാസ്ത്രീയ പരിശോധന നടത്തിയ ഉദ്യോഗസ്ഥരുടെ സ്റ്റേറ്റ്മെന്റുകള്‍ തയാറാക്കാനും എസ്ഐടിക്ക് ഇന്നലെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം സ്വര്‍ണപ്പാളികള്‍ പ്രതികള്‍ മാറ്റിയെന്ന ഫോറന്‍സിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷണം സിബിഐയിലേക്ക് എത്തിയേക്കും.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.ശബരിമല സ്വര്‍ണക്കൊള്ളക്ക് പിന്നില്‍ അന്താരാഷ്്ട്രപുരാവസ്തു കള്ളക്കടത്ത് സംഘത്തിനു പങ്കുണ്ടെന്ന് പ്രവാസി വ്യവസായിയും നേരത്തെ എസ്ഐടിക്ക് മൊഴി നല്‍കിയിരുന്നു. അന്തര്‍ സംസ്ഥാന ബന്ധവും അന്താരാഷ്്ട്ര ബന്ധങ്ങളും വന്നാല്‍ അന്വേഷണം സിബിഐയിലേക്ക് എത്തും.
- എം.സുരേഷ്ബാബു
