മെട്രോ നഗരങ്ങളില്‍ കണ്ടു പരിചയിച്ച ഡബ്ബാവാല ഇനി തിരുവനന്തപുരത്തും ! സ്വന്തം വീട്ടിലുണ്ടാക്കുന്ന സ്വാദിഷ്ടമായ ഭക്ഷണം ഇനി ഓഫീസിലെത്തും; ഇക്കാര്യത്തില്‍ ശ്രീജിത്തിന് പ്രചോദനമായത് അമ്മയും ‘ലഞ്ച് ബോക്‌സ്’ സിനിമയും…

തിരുവനന്തപുരം: വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ അത്രയും സ്വാദ് ഹോട്ടലുകളിലെ ഭക്ഷണത്തിന് ലഭിക്കില്ലയെന്നറിഞ്ഞിട്ടും നിവൃത്തിയില്ലാതെയാണ് ഉദ്യോഗസ്ഥരായ പലരും ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നത്.

എന്നാല്‍ വീട്ടിലുണ്ടാക്കുന്ന ആവി പറക്കുന്ന ഭക്ഷണം ഓഫീസില്‍ കിട്ടിയാല്‍ എങ്ങനെയുണ്ടാകും. വെറുതെ അമ്മമാരെയും ഭാര്യമാരെയും ബുദ്ധിമുട്ടിക്കുകയും വേണ്ട. നിങ്ങളുടെ ഭര്‍ത്താവിന്/മകന്/ മകള്‍ക്ക് ഇനി സ്വാദിഷ്ടമായ ഭക്ഷണം സ്വസ്ഥമായി ഉണ്ടാക്കിയാല്‍മതി.

അതു വീട്ടിലെത്തി ശേഖരിച്ച് അവരുടെ ജോലി സ്ഥലത്ത് എത്തിച്ച് നല്‍കാന്‍ ഡബ്ബാവാലകള്‍ വീട്ടിലെത്തും. മുംബൈ പോലുള്ള മെട്രോ നഗരങ്ങളില്‍ മാത്രം കണ്ട് പരിചയമുള്ള ഡബ്ബാവാല തലസ്ഥാനത്തും സര്‍വീസ് തുടങ്ങി. തിരുവനന്തപുരം പൂജപ്പുര സ്വദേശി ശ്രീജിത്താണ് ഈ ആശയത്തിന് പിന്നില്‍.

ജോലിക്കു പോകുന്ന തനിക്കായി അമ്മ അതിരാവിലെ ഉണര്‍ന്ന് ഭക്ഷണമുണ്ടാക്കുന്ന കഷ്ടപ്പാട് കണ്ടാണ് ശ്രീജിത്ത് ഡബ്ബാവാല എന്ന ആശയത്തിലെത്തുന്നത്. ‘ദി ലഞ്ച് ബോക്‌സ്’ എന്ന ചിത്രവും ഈ ആശയത്തിലേക്കെത്താന്‍ ശ്രീജിത്തിനെ സഹായിച്ചു.

മുംബൈയില്‍ പോയി ഡബ്ബാവാലയുടെ പ്രവര്‍ത്തനങ്ങള്‍ നന്നായി പഠിച്ച ശേഷമാണ് കേരളത്തിലെത്തി ഡബ്ബാവാല രജിസ്റ്റര്‍ ചെയ്തത്. ഇതിനായി ശ്രീജിത്ത് ഒരു ആപ്പും നിര്‍മിച്ചു. ഇക്കഴിഞ്ഞ മേയ് 24ന് പരീക്ഷണാര്‍ത്ഥം തലസ്ഥാനത്ത് തുടങ്ങിയ’വോവാ ഡബ്ബാവാല’ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഹിറ്റായി.

നിലവില്‍ നൂറിലധികം ആളുകള്‍ ശ്രീജിത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഒരു ദിവസത്തേക്ക് 30 രൂപയാണ് സര്‍വീസ് ചാര്‍ജ്. സ്വന്തമായി ഡബ്ബ ആവശ്യമെങ്കില്‍ 300 രൂപ നല്‍കിയാല്‍ മതി. ഒരു മാസത്തേക്ക് മുന്‍കൂര്‍ ബുക്കിംഗും ഉണ്ട്. 700 രൂപയാണ് ചാര്‍ജ്. 128 വര്‍ഷം മുമ്പ് പാര്‍സി ബാങ്കറാണ് മുംബൈയില്‍ ആദ്യമായി ഡബ്ബാവാല സര്‍വീസിന് തുടക്കം കുറിച്ചത്.

മൂന്നു തട്ടുള്ള ചൂടാറാ പാത്രങ്ങളിലാണ് ‘വോവോ ഡബ്ബാവാല’യില്‍ ഭക്ഷണം ആവശ്യക്കാരന് എത്തിച്ചുനല്‍കുന്നത്. തിരുവനന്തപുരം നഗരസഭയുടെ കീഴില്‍ വരുന്ന എല്ലാ സ്ഥലത്തും ഡബ്ബാവാലയുടെ സേവനം ലഭിക്കും.

പിന്‍കോഡിന്റെ അടിസ്ഥാനത്തിലാണ് ഡബ്ബാവാലയുടെ പിക്ക്അപ്പ് പോയിന്റുകള്‍. രാവിലെ 10 മണിക്ക് മുമ്പായി 860664003 എന്ന നമ്പരില്‍ വിളിച്ചോ ഡബ്ബാവാലയുടെ ആപ്പ് ഉപയോഗിച്ചോ ഡബ്ബാവാലയുടെ സേവനം ലഭ്യമാക്കാം.

പിന്‍കോഡ് ഉപയോഗിച്ച് ആപ്പില്‍ കയറി സ്വന്തം വിലാസം, ഭക്ഷണം, എത്തിക്കേണ്ട സ്ഥലം എന്നിവ രേഖപ്പെടുത്തണം. അതത് പിന്‍കോഡിലെ പിക്കപ്പ് പോയിന്റ് പിക്കബ് ബോയിക്ക് സന്ദേശമായെത്തും. സന്ദേശമെത്തിയ ഉടന്‍ തന്നെ പിക്കബ് ബോയി ബൈക്കിലെത്തി ഭക്ഷണം ശേഖരിക്കുന്നു.

അത് പട്ടം മരപ്പാലത്തുള്ള ഹബ്ബിലെത്തിച്ച ശേഷം ഓരോ മേഖലയിലും ഡബ്ബകള്‍ എത്തിച്ചു നല്‍കുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ ഡെലിവറി പൂര്‍ത്തിയാക്കി ഡബ്ബാവാലകള്‍ തിരിച്ച് ഹബ്ബിലെത്തും. പരിപാടി നല്ല വിജയമായാല്‍ കേരളത്തിലെ മറ്റ് നഗരങ്ങളില്‍ കൂടി വ്യാപിപ്പിക്കാനാണ് ശ്രീജിത്തിന്റെ പദ്ധതി.

Related posts