വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

വടകര: പഴയ ബസ് സ്റ്റാന്‍ഡിനു സമീപം മാര്‍ക്കറ്റ് റോഡില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

അടക്കാത്തെരു പുതിയാപ്പ സ്വദേശി ഇ.എം. ട്രേഡേഴ്‌സ് ഉടമ രാജ(62)നെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.

മരണ കാരണം ശ്വാസം മുട്ടിയാണ് എന്നാണ് സര്‍ജന്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ പ്രകാരം രാജനെ കടയ്ക്കുള്ളില്‍വച്ച് പ്ലാസ്റ്റിക് കവറോ മറ്റോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാവാം എന്നാണ് പോലീസ് നല്‍കുന്ന സൂചന.

മുഖത്ത് പരിക്കുകള്‍ കണ്ടെത്തിയിരുന്നു. രാജന്‍ ധരിച്ചിരുന്ന മൂന്ന് പവന്‍ സ്വര്‍ണചെയിന്‍, മോതിരം, കടയില്‍ ഉണ്ടായിരുന്ന പണം, മോട്ടോര്‍ ബൈക്ക് എന്നിവയും മോഷണം പോയി. ശനിയാഴ്ച അര്‍ധരാത്രിയോ ടെയാണ് രാജനെ കടയ്ക്കുള്ളില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

രാത്രി വീട്ടിലെത്താന്‍ വൈകിയതോടെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുക്കാതായതോടെ മകനും മരുമകനും കൂടി അന്വേഷിച്ചു കടയില്‍ എത്തിയപ്പോഴാണ് നിലത്ത് വീണുകിടക്കുന്നതു കാണുന്നത്.

തുടര്‍ന്ന് വ്യാപാരികളും മറ്റും ചേര്‍ന്ന് വടകര ഗവ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാജന്റെ കഴുത്തിലും മുഖത്തും വിരലുകളിലും പരിക്കേറ്റ പാടുകള്‍ ഉണ്ട്.

രാത്രിയില്‍ കടയ്ക്കുള്ളില്‍ നിന്ന് ഷട്ടറില്‍ ഇടിക്കുന്ന ശബ്ദം കേട്ടതായി സമീപത്തുണ്ടായിരുന്നവര്‍ പോലീസില്‍ മൊഴി നല്‍കി.

കടയില്‍ പിടിവലി നടന്നതായും സാധന സാമഗ്രികള്‍ ചിതറിക്കിടക്കുന്നതായും പോലീസ് പറഞ്ഞു. കൂടാതെ കടയ്ക്കുള്ളില്‍ ഉപയോഗിച്ച് ബാക്കി വന്ന മദ്യക്കുപ്പിയും ഗ്ലാസും പോലീസ് കണ്ടെത്തി.

വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് സംഘങ്ങള്‍ കടയില്‍ പരിശോധന നടത്തി. ശനിയാഴ്ച രാത്രിയില്‍ രാജനൊപ്പം അപരിചിതനായ ഒരാള്‍ ഉണ്ടായിരുന്നതായി സമീപത്തെ വ്യാപാരി മൊഴി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

രാത്രി 8.30 ന് ശേഷം രാജനൊന്നിച്ച് ബൈക്കില്‍ നീല ഷര്‍ട്ട് ധരിച്ച ഒരാള്‍ കടയിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.

ഉത്തര മേഖല ഡിഐ ജി രാഹുല്‍ ആര്‍ നായര്‍ വടകരയിലെത്തി കൊലപാതകം നടന്ന കടയിലും ആശുപത്രി മോര്‍ച്ചറിയില്‍ എത്തി മൃതദേഹത്തിലും പരിശോധന നടത്തി.

വടകര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാത്രിയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

അഡി. എസ്പി പി.എം. പ്രദീപ്, വടകര ഡിവൈഎസ്പി ആര്‍. ഹരിപ്രസാദ്, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജി. ബാലചന്ദ്രന്‍, സിഐ പി.എം. മനോജ് എന്നിവരുടെ നേതൃത്വത്തിലാണു പോലീസ് സ്ഥലത്ത് പരിശോധന നടത്തിയത്.

Related posts

Leave a Comment