നടൻ ധനുഷ് ബോളിവുഡ് ചലച്ചിത്രകാരൻ സഞ്ജയ് ലീല ബൻസാലി നിർമിക്കുന്ന ചിത്രത്തിൽ നായകനായെത്തുന്നു. ബൻസാലി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രം കാടിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പുരാണ ചിത്രം ആയിരിക്കും.
ശിവകാർത്തികേയന്‍റെ ഹീറോ, കാർത്തിയുടെ സർദാർ എന്നീ ചിത്രങ്ങൾ ഒരുക്കിയ പി.എസ് മിത്രൻ ആണ് സംവിധാനം. മിത്രന്‍റെ ഹിന്ദിയിലെ അരങ്ങേറ്റം ആണ് ഈ ചിത്രം. ബൻസാലി ധനുഷുമായി ആദ്യമായി കൈകോർക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. പാൻ ഇന്ത്യൻ സിനിമാറ്റിക് സംരംഭമായി ഒരുങ്ങുന്ന ചിത്രത്തിൽ വൻ താരനിരയുണ്ട്.
സഞ്ജയ് ലീല ബൻസാലിയും ധനുഷും കൈകോർക്കുന്നതിനാൽ ചിത്രത്തിന് പ്രതീക്ഷകൾ ഏറെയാണ്. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനിൽക്കുകയാണ് സിനിമാലോകം.അതേസമയം ധനുഷും കൃതി സനോണും സംവിധായകൻ ആനന്ദ് എൽ. റായ്‌യും വീണ്ടും ഒരുമിക്കുന്ന ചിത്രംകൂടിയാണിത്.
തേരെ ഇഷ്‌ക് മേം എന്ന ചിത്രത്തിനുശേഷം ഇവർ ഒന്നിക്കുന്ന ചിത്രവും പ്രണയ സിനിമയാണ്. ധനുഷ് വീണ്ടും ബോളിവുഡിൽ എത്തുന്നു എന്നതാണ് പ്രത്യേകത. ധനുഷും ആനന്ദ് എൽ. റായ്‌യും ഒരുമിക്കുന്നത് ഇത് നാലാം തവണയാണ്. 2013ൽ രാഞ‌്‌ഝണ എന്ന ചിത്രത്തിലും 2021ൽ അത് രംഗി രേ എന്നീ ചിത്രങ്ങൾക്കു വേണ്ടി ഇരുവരും ഒരുമിച്ചു.
