അന്വേഷണം സമ്പത്തിലേക്ക്‌..! ദിലീപിന്‍റെ മൊഴി പോലീസ് പൂർണമായും വിശ്വസിക്കുന്നില്ല; ദിലീപിന് അഴിയാത്ത കുരുക്കൊരുങ്ങുന്നു

arrest-dileep

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടത്തിയ ദിലീപിന് അഴിയാത്ത കുരുക്കൊരുക്കാനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം. വ്യക്തി വിരോധത്തിന്‍റെ പേരിലാണ് നടിയെ ആക്രമിച്ചതെന്ന ദിലീപിന്‍റെ മൊഴി പോലീസ് പൂർണമായും വിശ്വസിക്കുന്നില്ല. സാന്പത്തിക താത്പര്യങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. എന്നാൽ ഇത് തെളിയിക്കുന്ന നിർണായകമായ ഒരു വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. രണ്ടു ദിവസത്തെ കസ്റ്റഡി കാലയളവിൽ ഇത് സംബന്ധിച്ച ചോദ്യങ്ങളാവും ദിലീപിനെ കാത്തിരിക്കുന്നത്.

നടിയെ ആക്രമിച്ച നഗ്ന വീഡിയോ പകർത്താൻ 1.5 കോടി രൂപയാണ് ദിലീപ് ഒന്നാം പ്രതി സുനിൽ കുമാറിന് വാഗ്ദാനം ചെയ്തിരുന്നു. ഈ ക്വട്ടേഷൻ തന്‍റെ കുടുംബ ജീവിതത്തിൽ നടി ഇടപെട്ടതിലുള്ള വൈരാഗ്യം കാരണമാണെന്നാണ് ദിലീപ് പോലീസിനോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ സുനിയുടെ മൊഴി പ്രകാരം നടിയെ ആക്രമിച്ചാൽ 62 കോടി രൂപയുടെ ലാഭം ദിലീപിന് ലഭിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇത് ഏത് വിധേനയാണെന്ന കാര്യം പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സുനിയുടെ ഈ മൊഴിയാണ് വ്യക്തി താത്പര്യത്തിന്‍റെ പുറത്തല്ല, സാന്പത്തിക വിഷയത്തിലാണ് ദിലീപിന്‍റെ ക്വട്ടേഷൻ എന്ന അനുമാനത്തിൽ പോലീസ് എത്തിയിരിക്കുന്നത്.

തെളിവുകൾ പോലീസ് അക്കമിട്ട് തിരത്തി പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ തന്‍റെ വേണ്ടപ്പെട്ടവരെയെല്ലാം രക്ഷിക്കാൻ ദിലീപ് സ്വയം കുറ്റമേറ്റതാണെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്. സാന്പത്തിക താത്പര്യത്തിന് പുറത്താണ് നടിയെ ആക്രമിച്ചതെന്ന് വന്നാൽ സ്വത്ത് വിവരങ്ങളിലേക്കും അന്വേഷണം വരുമെന്ന് ദിലീപ് ഭയപ്പെടുന്നുണ്ടെന്നാണ് പോലീസ് നിഗമനം.

ദിലീപിന്‍റെ സാന്പത്തിക ശ്രോതസിന്‍റെ മുഖ്യ സൂക്ഷിപ്പുകാരൻ സഹോദരൻ അനൂപാണ്. ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ ഉത്തരവാദിത്വങ്ങളെല്ലാം നിറവേറ്റിയിരുന്നതും അനൂപായിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിന്‍റെ ഗൂഢാലോചനയെക്കുറിച്ച് അനൂപിനും അറിവുണ്ടായിരുന്നോ എന്ന് അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. വ്യാഴാഴ്ച കൂടി കസ്റ്റഡി കാലാവധി ഉള്ളതിനാൽ ദിലീപിനൊപ്പം അനൂപിനെയും നാദിർഷായെയും ഇരുത്തി ചോദ്യം ചെയ്യാനും അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്.

ഗൂഢാലോചനയുടെ കാരണം സാന്പത്തിക താത്പര്യങ്ങളാണെന്ന് സംശയിക്കുന്നതിനാൽ പോലീസ് ദിലീപിന്‍റെ ഭൂമിയിടപാടുകളെക്കുറിച്ച് വിവരങ്ങൾ തേടിയിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ കൊച്ചിയിൽ മാത്രം നടന്‍റെ പേരിൽ 35 ഇടത്ത് ഭൂമിയുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഈ ഭൂമിയുടെ വിവരങ്ങൾ രജിസ്ട്രാർ ജനറലിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ബിനാമി ഭൂമിയിടപാടുകൾ നടൻ നടത്തിയിട്ടുണ്ടോ എന്നും ബന്ധുക്കളുടെ പേരിൽ ഭൂമിയുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.

ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ നടിയെ ആക്രമിച്ച സംഭവത്തിന്‍റെ ഗൂഢാലോനക്കേസും പുതിയ തലങ്ങളിലേക്ക് പോകും. സാന്പത്തിക ഇടപാടുകൾ പരിശോധിച്ച് ആക്രമണത്തിന് പിന്നിലെ യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവന്ന് ദിലീപിന് അഴിയാക്കുരുക്ക് ഒരുക്കാനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം.

Related posts