പത്തു തലയാണിവന് തനി രാവണന്‍ ! മോഹന്‍ലാല്‍ രാവണനായി സിനിമ ഒരുങ്ങുന്നു ? ബ്രഹ്മാണ്ഡചിത്രത്തെപ്പറ്റി തുറന്നു പറഞ്ഞ് വിനയന്‍…

മോഹന്‍ലാലിനെ രാവണനാക്കി സിനിമയിറക്കാന്‍ സംവിധായകന്‍ വിനയന്‍ തയ്യാറെടുക്കുന്നതായി വിവരം. മോഹന്‍ലാലുമായി ഒന്നിച്ച് സിനിമ ചെയ്യാന്‍ ധാരണയായെന്ന വാര്‍ത്ത വിനയന്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പങ്കുവച്ചിരുന്നു. അന്ന് സിനിമയുടെ വിശദാംശങ്ങള്‍ പുറത്തു വിടാതിരുന്ന വിനയന്‍ മാര്‍ച്ച് അവസാനവാരം ഷൂട്ടിങ് തുടങ്ങുന്ന തന്റെ പുതിയ ചിത്രത്തിന് ശേഷം ഈ ചിത്രത്തിന്റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കുമെന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്.

എന്നാല്‍ ഇപ്പോള്‍ വിനയന്‍ തന്നെ ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു ചിത്രമാണ് വൈറലായി മാറുന്നത്. ഇതിഹാസ കഥാപാത്രം രാവണന്റെ വേഷത്തില്‍ മോഹന്‍ലാലിനെ സങ്കല്‍പ്പിച്ചുകൊണ്ടുള്ള ചിത്രമാണിത്. ഇതിലൂടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചനയാണോ വിനയന്‍ നല്‍കുന്നതെന്ന ചര്‍ച്ചകള്‍ ഇതോടുകൂടി സജീവമാകുകയാണ്.

ഒരു ഓണ്‍ലൈന്‍ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ വിനയന്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്തു. മോഹന്‍ലാലിനെ വച്ച് ചെയ്യാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ കഥയില്‍ രാവണന്‍ എന്ന കഥാപാത്രം ഉണ്ട്. അത് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ എന്റെ കൂടെയുള്ള എഴുത്തുകാരില്‍ ഒരാള്‍ വരച്ചു തന്ന ചിത്രമാണ് ഞാന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. അത് പരിഗണയില്‍ ഉള്ള ഒരു കാര്യമാണ്, അതല്ലാതെ ആ കഥാപാത്രം ഫിക്‌സ് ചെയ്തിട്ടില്ല.

എന്നാല്‍ താനും മോഹന്‍ലാലുമായുള്ള വിശദമായ ചര്‍ച്ചയ്ക്കു ശേഷമേ കാര്യങ്ങള്‍ ഉറപ്പിക്കുകയുള്ളൂ എന്നും വിനയന്‍ പറയുന്നു.രാവണന്‍ എന്ന കഥാപാത്രത്തെ വച്ച് ഒരു ചിത്രം ചെയ്യണമെന്ന് തന്റെ മനസ്സില്‍ പണ്ട് തൊട്ടേ ഉള്ള ആഗ്രഹമാണെന്നും ലാലിനെ പോലുള്ള ഒരാള്‍ അതിന് സമ്മതം അറിയിക്കുകയാണെകില്‍ ചെയ്യാന്‍ താല്പര്യമുള്ളതാണെന്നും വിനയന്‍ പറയുന്നു.

”വ്യത്യസ്ത മാനങ്ങളുള്ള, നമ്മുടെ പുരാണങ്ങളില്‍ മറ്റേത് കഥാപാത്രങ്ങളെക്കാളും അത് അര്‍ജുനന്‍ ആയിക്കോട്ടെ, ഭീമന്‍ ആയിക്കോട്ടെ ആരെക്കാളും മുകളില്‍ നില്‍ക്കുന്നതായി കുഞ്ഞുനാള്‍ മുതല്‍ എന്റെ മനസില്‍ ഉള്ളത് രാവണന്‍ ആണ്. നമ്മുടെ പുരാണം അദ്ദേഹത്തെ സൃഷ്ടിച്ചിട്ടുള്ളത് ഭയങ്കര ഹീറോയിക് ആയ, വല്യ മനസിന്റെ ഉടമയായ, ഒരു വില്ലന്‍ ആയിട്ടാണ്. അതെന്റെ മനസ്സില്‍ കിടപ്പുണ്ട്. അതൊരു വലിയ പ്രൊജക്റ്റ് ആണ്. ലാലിനെ പോലൊരു നടനെ വച്ച് ഒരു ചിത്രം ചെയ്യുമ്പോള്‍ അത്തരമൊരു സിനിമ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വിനയന്‍ പറയുന്നു.

Related posts