തമിഴ് സിനിമാ താരങ്ങള്‍ ഉദാരമായി സംഭാവന നല്‍കിയപ്പോള്‍ മലയാള താര സംഘടന ദുരിതാശ്വാസത്തിന് നല്‍കിയത് തുച്ഛമായ തുക! കാശ് മുടക്കാന്‍ മടി, എന്നാല്‍ വാചകമടിക്ക് യാതൊരു കുറവുമില്ലെന്ന് സോഷ്യല്‍മീഡിയ

കനത്ത മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും എല്ലാമായി ബന്ധപ്പെട്ട് ദുരിതക്കയത്തിലാണ് കേരളമിപ്പോള്‍. വീടും വസ്തുവകകളും കൃഷിസ്ഥലവുമെല്ലാം അപ്രതീക്ഷിതമായി നഷ്ടപ്പെട്ടതിന്റെ നടുക്കത്തിലാണ് നല്ലൊരുശതമാനം ആളുകളും. ഈ സാഹചര്യത്തില്‍ പ്രളയ ദുരിതത്തില്‍ പെട്ടവര്‍ക്ക് കൈത്താങ്ങുമായി അനേകമാളുകള്‍ രംഗത്തെത്തുകയുമുണ്ടായി. തമിഴ് സിനിമാതാരങ്ങളുടെ കൈ അയച്ചുള്ള സഹായമാണ് അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായത്.

നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം സംഭാവന നല്‍കി. സഹോദരങ്ങളും തമിഴ് നടന്മാരുമായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപ കൈമാറുമെന്ന് അറിയിച്ചു. വിജയ് ടിവിയും 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.

എന്നാല്‍ തമിഴ് സിനിമ ലോകത്ത് നിന്നും സഹായം ഒഴുകിയെത്തുമ്പോള്‍ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ നല്‍കിയ തുക അത്ഭുതപ്പെടുത്തുന്നു എന്നാണ് ബഹുഭൂരിപക്ഷം ആളുകളും പറയുന്നത്. മലയാള താര സംഘടനയായ അമ്മ നല്‍കിയത് പത്ത് ലക്ഷം രൂപയാണെന്നാണ് വിവരം.

കോടികള്‍ പ്രതിഫലം വാങ്ങുന്നവരടക്കം സംഘടനയില്‍ ഉണ്ടായിട്ടും 10 ലക്ഷം രൂപമാത്രം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ അമ്മയുടെ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നത്.

അതേസമയം നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. തമിഴ് നടന്മാര്‍ ഇത്രയും തുക സംഭാവന നല്‍കുമ്പോള്‍ അമ്മയുടെ നടപടി തീരെ അംഗീകരിക്കാനാവില്ലെന്നാണ് പലരും പറയുന്നത്. മഴക്കെടുതി നേരിടാന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെയും വലിയ രീതിയില്‍ ആളുകള്‍ പൊങ്കാല ഇടുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കുന്നതിനുള്ള അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെയാണു താരങ്ങള്‍ ഫേസ്ബുക് കുറിപ്പ് ഇട്ടത്. ദുരന്തത്തെ ഒന്നായി നേരിടാമെന്നായിരുന്നു മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്.

വിവിധയിടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും കണ്ണൂരിലെ ടെറിട്ടോറിയല്‍ ആര്‍മിയുടെ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും മോഹന്‍ലാല്‍ പങ്കുവച്ചിരുന്നു.. എന്നാല്‍ സഹായധനങ്ങള്‍ ഇരുവരും പ്രഖ്യാപിച്ചിരുന്നില്ല. ഇതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. കാശ് മുടക്കാന്‍ ഇവര്‍ക്ക് മടിയാണെന്നും വാചകമടിക്ക് യാതൊരു കുറവുമില്ലെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്റുകള്‍.

ആര്‍ത്തലച്ചു വരുന്ന ജലത്തിനു മുന്നില്‍ നമുക്കു കൈകോര്‍ത്തു പിടിക്കാമെന്നാണു മഞ്ജു വാരിയര്‍ ഫെയ്സ് ബുക്കില്‍ കുറിച്ചത്. ‘ഡൂ ഫോര്‍ കേരള’ എന്ന ഹാഷ് ടാഗോടെയാണു പൃഥ്വിരാജിന്റെ അഭ്യര്‍ത്ഥന. ജയറാം, നിവിന്‍ പോളി, ശോഭന, റിമ കല്ലിംഗല്‍, അജു വര്‍ഗീസ്, ആഷിക് അബു, ആശ ശരത്, നവ്യ നായര്‍ തുടങ്ങിയ താരങ്ങള്‍ അഭ്യര്‍ത്ഥനയുമായെത്തി.

Related posts